വേദിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി

മുംബൈ: സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ പ്രശസ്ത സംവിധായകനും ബോളിവുഡ് നടനുമായ അമോല്‍ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി. മുംബൈയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍(എന്‍ജിഎംഎ) പലേക്കര്‍ നടത്തിയ പ്രസംഗമാണ് സര്‍ക്കാരിനെ എതിര്‍ത്ത് സംസാരിച്ചതിന്റെ പേരില്‍ പല തവണ തടസ്സപ്പെടുത്തിയത്. മുംബൈയിലെയും ബംഗളൂരുവിലെയും എന്‍ജിഎംഎയുടെ ഉപദേശക സമിതി പിരിച്ചുവിട്ട കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പലേക്കര്‍ സംസാരിച്ചതാണ് പ്രശ്‌നം വഷളാക്കിയത്.

ബ്യൂറോക്രാറ്റുകളോ സര്‍ക്കാര്‍ ഏജന്റുമാരോ അല്ലാതെ കലാകാരന്മാര്‍ അടങ്ങുന്ന ഉപദേശക സമിതി നിശ്ചയിക്കുന്ന അവസാനത്തെ പരിപാടിയായിരിക്കും ഭാര്‍വെ എക്സിബിഷനെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ വേദിയിലും സദസ്സിലും ഇരിക്കുന്ന ചിലര്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രഭാകര്‍ ഭാര്‍വെയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ശല്യം രൂക്ഷമായപ്പോള്‍ നിങ്ങള്‍ പ്രസംഗത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയാണോ എന്ന് പലേക്കര്‍ ചോദിച്ചു.

ചിത്രകാരനായ പ്രഭാകര്‍ ഭാര്‍വെയുടെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം പ്രസംഗമധ്യേ സര്‍ക്കാരിനെ വിമര്‍ശിച്ചത്. പ്രാദേശിക കലാകാരന്മാരുടെ കമ്മിറ്റി പിരിച്ചുവിട്ട് എക്സിബിഷനും മറ്റും സംഘടിപ്പിക്കുന്നതൊക്കെ ഡല്‍ഹിയില്‍ നിന്നായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.

Top