സൗദിയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ; ജൂവലറികളില്‍ പരിശോധന ശക്തമാക്കി

saudi

റിയാദ്: സൗദി അറേബ്യയിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജൂവലറികളിലും പരിശോധന ശക്തമാക്കി.

കഴിഞ്ഞ ദിവസം റിയാദ് പ്രവിശ്യയിലെ 300 സ്ഥാപനങ്ങളില്‍ പരിശോധന നടന്നതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവല്‍ക്കരണവും വനിതാവല്‍ക്കരണവും പ്രഖ്യാപിച്ച സ്ഥാപനങ്ങളില്‍ വിവിധ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് പരിശോധന നടത്തിയത്.

മൊബൈല്‍ ഷോപ്പ്, ജൂവലറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു.

ജൂവലറി, ലേഡീസ് ഷോപ്പ്, മൊബൈല്‍ ഷോപ്പ് എന്നിവിടങ്ങളില്‍ നടന്ന പരിശോധനകളില്‍ 68 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം മേധാവി ജുറൈദ് അല്‍ ദോസരി വ്യക്തമാക്കി.

തുടര്‍ന്ന് ഇഖാമ തൊഴില്‍ നിയമലംഘകരായ 18 വിദേശികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പരിശോധനക്കിടെ നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ടതായും കണ്ടെത്തി.

നിയമ ലംഘനങ്ങളില്ലാത്ത രാജ്യമെന്ന ദേശീയ കാമ്പയിന്റെ ഭാഗമായി ഏഴര മാസത്തോളം വിദേശികള്‍ക്ക് പൊതുമാപ്പ് നല്‍കിയിരുന്നു.

അതിന് ശേഷം നടന്ന പരിശോധനയില്‍ ഒന്നര ലക്ഷത്തിലധികം നിയമലംഘകരായ വിദേശികളെ പൊതുസുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തു.

Top