ജനാധിപത്യ വിരുദ്ധം ; ‘അമ്മ’യുടെ ഭേദഗതിക്കെതിരെ എതിര്‍പ്പുമായി ഡബ്ല്യുസിസി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ എതിര്‍പ്പുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഭരണഘടന ഭേദഗതിക്കൊരുങ്ങുന്ന അമ്മയുടെ നിലപാട് ശരിയല്ലെന്നും എക്‌സിക്യൂട്ടീവിന്റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്നും കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നും വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ പറഞ്ഞു.

ഭേദഗതിയുമായി ബന്ധപ്പെട്ട കരടിന്മേല്‍ ഇനിയും ചര്‍ച്ച ആവശ്യമാണെന്നും, എതിര്‍പ്പ് രേഖാമൂലം അറിയിക്കുമെന്നും ഡബ്ല്യു.സി.സി അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് ഭേദഗതി ചര്‍ച്ചകള്‍ ആരംഭിച്ചത്. അത്തരം അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ഇനിയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ താല്‍പര്യ പ്രകാരമാണ് കരട് തയ്യാറാക്കിയതെന്നും ഡബ്ല്യു.സി.സി കുറ്റപ്പെടുത്തി. തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തും വിധം കരടില്‍ മാറ്റം വരുത്തണമെന്നും നിര്‍ദേശങ്ങളില്‍ ചിലത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വനിതാ കൂട്ടായ്മ ചൂണ്ടിക്കാട്ടി.

‘അമ്മ’യുടെ നേതൃനിരയില്‍ കൂടുതല്‍ വനിതകളെ ഉള്‍ക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളായിരുന്നു വാര്‍ഷിക പൊതുയോഗത്തിന്റെ പ്രധാന അജണ്ട. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം കുറഞ്ഞത് അഞ്ച് സ്ഥാനങ്ങള്‍ വനിതകള്‍ക്കായി നീക്കി വെക്കുന്നതാണ് ഇന്ന് യോഗം പാസ്സാക്കിയ പ്രധാന ഭേദഗതി. സംഘടനയില്‍ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സംഘടനയില്‍ അംഗത്വമുള്ള താരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായാല്‍ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top