‘അമ്മ’ മോഡല്‍ കേരളത്തിലും വരുന്നു, ഇനി കുറഞ്ഞ നിരക്കില്‍ ഭക്ഷണം

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനായി തമിഴകത്തെ ‘അമ്മ’ ഹോട്ടല്‍ മാതൃകയില്‍ കേരളത്തിലും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഹോട്ടലുകള്‍ ആരംഭിക്കുന്നു.

വിശപ്പുരഹിത കേരളം പദ്ധതി ആദ്യഘട്ടത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലാണ് നടപ്പാക്കുക. വിജയകരമായാല്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വയം പാചകംചെയ്യാന്‍ ആരോഗ്യമില്ലാതെ ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധജനങ്ങളെക്കൂടി വിതരണശൃംഖലയില്‍ ഉള്‍പ്പെടുത്തും.

ഭക്ഷ്യം, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകള്‍, സ്വയംസഹായസംഘങ്ങള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക.

സഹകരിക്കുന്ന ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കും. ഇതിനു പകരം കുറഞ്ഞനിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണം ഈ സ്ഥാപനങ്ങള്‍ നല്‍കണം. ഭക്ഷണത്തിന് നിവൃത്തിയില്ലാത്തവര്‍ക്ക് കൂപ്പണുകളും വിതരണം ചെയ്യും.

തമിഴകത്ത് ഈ പദ്ധതി വന്‍ വിജയമായിരുന്നു. കേരളത്തിലും വ്യാപകമാവുന്നതോടെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഇതൊരു ആശ്വാസമാകും

Top