അമ്മയുടെ നിര്‍വ്വാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയില്‍; ഷെയിന്‍ വിഷയം ചര്‍ച്ചയാകും

കൊച്ചി: മലയാള സിനിമ താരസംഘടന ‘അമ്മ’യുടെ നിര്‍വ്വാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയില്‍ ചേരും. ഷെയന്‍ നിഗവും പ്രൊഡ്യൂസര്‍ അസോസിയേഷനും തമ്മിലുളള വിഷയം യോഗത്തില്‍ ചര്‍ച്ചയാകും.

ഷെയ്‌നിനെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തും.

പ്രതിഫല തര്‍ക്കം മൂലം വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിരുന്നു.

തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന്‍ നിഗം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന്‍ കത്തില്‍ പറയുന്നുണ്ട്.

ഉല്ലാസം സിനിമയുടെ ഡബ്ബിം?ഗ് നടത്താതിരിക്കുകയും വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്നിന് വിലക്കേര്‍പ്പെടുത്തിയത്.

Top