വനിതാ താര സംഘടന വെട്ടിലായി, അവൾക്ക് ഒപ്പം നിന്ന ‘അവർ’ക്കൊപ്പം ഇപ്പോൾ ആരുമില്ല

mohanlal

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പൊട്ടിത്തെറിച്ച വനിതാ താര സംഘടനയെ കൈവിട്ട് മലയാള സിനിമാലോകം.

ഇതുവരെ അവര്‍ക്കൊപ്പം മാനസികമായ പിന്തുണ നല്‍കിയ സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരില്‍ വലിയ വിഭാഗവും മോഹന്‍ലാലിന്റെ പ്രതികരണത്തോടെ പിന്‍വലിഞ്ഞിരിക്കുകയാണ്.

അമ്മ ജനറല്‍ ബോഡി തീരുമാനത്തെ പൂര്‍ണ്ണമായും ന്യായീകരിച്ചു രംഗത്തു വന്ന മോഹന്‍ലാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇപ്പോഴും അറിയില്ലന്നും ദിലീപിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നു പറഞ്ഞതും ഡബ്ല്യൂ സി സിക്ക് ഒപ്പം നില്‍ക്കുന്നവരെ മാത്രമല്ല, അവരെ പിന്തുണച്ച മാധ്യമങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.

ചാനല്‍ ചര്‍ച്ചകളിലും കഴിഞ്ഞ രാത്രിയിലെ ‘വിഭവം’ മോഹന്‍ലാലിന്റെ ഈ വാക്കുകള്‍ ആയിരുന്നു.

അവസരങ്ങള്‍ കളഞ്ഞു എന്നു ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി മുന്‍പ് പരാതി നല്‍കിയിരുന്നു എന്ന പ്രചരണവും അമ്മയില്‍ നിന്നും നാലു നടിമാരല്ല രണ്ടു പേര്‍ മാത്രമാണ് രാജിവച്ചതെന്ന മോഹന്‍ലാലിന്റെ വെളിപ്പെടുത്തലും ഡബ്ല്യൂ.സി.സി യുടെ വിശ്വാസ്യതയെ തന്നെയാണ് ബാധിച്ചിരിക്കുന്നത്.

താന്‍ കള്ളം പറയുമെന്ന് തോന്നുന്നുണ്ടോ എന്ന ലാലിന്റെ ചോദ്യം തന്നെ മലയാളികള്‍ക്കിടയില്‍ തനിക്കുള്ള സ്ഥാനം ഓര്‍മ്മിപ്പിക്കുന്നതായി. ഇതു തന്നെയാണ് ഡബ്ല്യൂ.സി.സിക്കും ഒപ്പമുള്ളവര്‍ക്കും തിരിച്ചടിയായിരിക്കുന്നത്.

അമ്മ എക്‌സിക്യുട്ടീവ് തീരുമാനം ജനറല്‍ സെക്രട്ടറിയെ കൊണ്ട് പറയിക്കാതെ ഒറ്റക്ക് ‘പുലിമടയില്‍’ (പ്രസ്സ് ക്ലബില്‍) കയറി പറഞ്ഞ് തല ഉയര്‍ത്തി മടങ്ങിയ ലാലിന്റെ ചങ്കൂറ്റം കണ്ട് മാധ്യമ പ്രവര്‍ത്തകര്‍ പോലും അമ്പരന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ദിലീപ് വിഷയം എടുത്തിട്ട് ‘ കുടയാന്‍’ നോക്കിയവര്‍ക്ക് ചുട്ട മറുപടി തന്നെയാണ് താര രാജാവ് കൊടുത്തത്.

ഒരു സംഘടനയാകുമ്പോള്‍ അതിന്റെ വലിയ ഘടകമായ ജനറല്‍ ബോഡിയല്ലേ തീരുമാനം കൈകൊള്ളുക എന്ന ലാലിന്റെ മറു ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉത്തരം മുട്ടിപ്പോയി.

സംഘടന രണ്ടായി പിളരുമെന്ന ഘട്ടം എത്തിയപ്പോഴാണ് ധൃതി പിടിച്ച് ദിലീപിനെ പുറത്താക്കിയതെന്നും സംഘടനാപരമായി അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാല്‍ പിന്നീട് മരവിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമാക്കിയ ലാല്‍ പൂര്‍ണ്ണമായും നടപടികളെ ന്യായീകരിച്ചു.

ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഒരു എതിര്‍ സ്വരം പോലും ഉയര്‍ന്നില്ലന്ന് ചൂണ്ടിക്കാട്ടിയതോടൊപ്പം പുറത്ത് പോയി വിവാദമുണ്ടാക്കിയ നടിമാരുടെ ഉദ്ദേശ ശുദ്ധിയെയും അദ്ദേഹം ചോദ്യം ചെയ്തു.

ഭാവനയും രമ്യ നമ്പീശനും മാത്രമാണ് ‘അമ്മ’യില്‍ നിന്നും രാജിവച്ചതെന്ന് വെളിപ്പെടുത്തുക വഴി നടിമാരായ ഗീതു മോഹന്‍ദാസ്, റിമ കല്ലുങ്കല്‍ എന്നിവരുടെ രാജി നാടകത്തെയും പൊളിച്ചടുക്കി.

രാജിവച്ചവര്‍ വിശദീകരണം നല്‍കിയതിനു ശേഷം ജനറല്‍ ബോഡിക്ക് ബോധ്യപ്പെട്ടല്ലാതെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലന്ന സൂചന പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ നല്‍കിയത് സിനിമ രംഗത്ത് നിന്ന് കൂടുതല്‍ പേരെ സ്വാധീനിക്കാനുള്ള ഡബ്ല്യൂ.സി.സിയുടെ നീക്കത്തിന് കനത്ത ആഘാതമായിട്ടുണ്ട്.

ലാലിന്റെ പത്രസമ്മേളനം ലൈവായി കണ്ട സിനിമാ പ്രവര്‍ത്തകര്‍ ‘അമ്മ’ക്കെതിരായ നിലപാട് ഇനി സ്വീകരിച്ചാല്‍ ഈ രംഗത്ത് നിന്നു പൂര്‍ണ്ണമായും പുറത്താകുമെന്ന സന്ദേശമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്ന തിരിച്ചറിവിലാണ്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്ന് പറയുമ്പോള്‍ തന്നെ ദിലീപിന് ഈ സംഭവത്തില്‍ ഒരു പങ്കുമുണ്ടാവരുതെന്ന് പ്രാര്‍ത്ഥിക്കുന്നതായ ലാലിന്റെ അവസാന വാക്കുകളാണ് ഡബ്ല്യൂ.സി.സിയെയും മാധ്യമങ്ങളെയും ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചിരിക്കുന്നത്.

മാധ്യമ വിചാരണയിലോ, പുറത്തു വരുന്ന വാര്‍ത്തകളിലോ അല്ല, മറിച്ച് കോടതിയുടെ അന്തിമ വിധിയിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന വ്യക്തമായ മറുപടി നല്‍കിയാണ് ‘പുലി’ മടയില്‍ നിന്നും ‘പുലിമുരുകന്‍’ മടങ്ങിയത്.Related posts

Back to top