‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം ആരംഭിച്ചു; രേവതിയും പാര്‍വതിയും എത്തി

കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം കൊച്ചിയില്‍ ആരംഭിച്ചു. അമ്മയുടെ നേതൃനിരയില്‍ വനിത സംവരണം ഉറപ്പാക്കുന്ന ഭരണഘടന ഭേദഗതി ഇന്നത്തെ പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യും. വനിതാ കൂട്ടായ്മയായ ഡബ്ല്യ.സി.സി യിലെ അഗംങ്ങളായ രേവതി, പാര്‍വതി തിരുവോത്ത് എന്നിവര്‍ അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പലപ്പോഴായി ഇവര്‍ രംഗത്തെത്തിയിരുന്നു.

അമ്മയുടെ നേതൃനിരയില്‍ കൂടുതല്‍ വനിതകളെ ഉള്‍ക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാര്‍ഷിക പൊതുയോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തിലും ഭരണഘടനാ ഭേദഗതിയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് വനിതകളെ ഉള്‍പ്പെടുത്തുക. വൈസ് പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നല്‍കുക. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുക. സുപ്രീംകോടതിയില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചായിരിക്കും ഭേദഗതികള്‍ എന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.

സംഘടനയില്‍ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സംഘടനയില്‍ അംഗത്വമുള്ള താരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായാല്‍ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top