നടിമാരും മയക്കുമരുന്ന് ഉപയോഗിക്കുന്നു ! “കൊക്കിന് വച്ചത് ചക്കിന് ”കൊള്ളുമോ ?

സിനിമാ രംഗത്ത് ലഹരി ഉപയോഗം വ്യാപകമെന്ന നിര്‍മ്മാതാക്കളുടെ പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് അധികൃതര്‍ ഉടന്‍ തയ്യാറാകണം. ഇതൊരു സുവര്‍ണ്ണാവസരമാണ് അത് ശരിക്കും ഉപയോഗപ്പെടുത്തുകയാണ് പൊലീസ് ചെയ്യേണ്ടത്. നര്‍ക്കോട്ടിക്ക് വിഭാഗം എന്നത് ഒരു നോക്കുക്കുത്തിയായി മാത്രം മാറാനുള്ളതല്ല, ഫലപ്രദമായ നടപടിയാണ് ഇവിടെ ആവശ്യമായിട്ടുള്ളത്.

ഷെയിന്‍ നിഗവുമായുള്ള തര്‍ക്കമാണ് ലഹരി ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്താന്‍ നിര്‍മ്മാതാക്കളെയിപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന യഥാര്‍ത്ഥ വില്ലന്‍മാര്‍ ഇപ്പോഴും സിനിമക്കകത്ത് തന്നെയാണുള്ളത്. ഇതില്‍ മുന്‍ നിര നായകനടന്മാര്‍ മുതല്‍ നടിമാര്‍വരെയുണ്ട് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. എത്ര പേര്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന് ചോദിച്ചാല്‍ അതാകും ഒരു പക്ഷേ വളരെ കുറവായുണ്ടാവുക.

മദ്യവും പുകവലിയും കടന്ന് വിവിധ തരം മയക്കുമരുന്നുകളുടെ വിളനിലമായി മാറിയിരിക്കുകയാണിപ്പോള്‍ കൊച്ചി എന്ന മഹാനഗരം.

അതിന്റെ എഫക്ടാണിപ്പോള്‍ സിനിമാ മേഖലയിലും കാണുന്നത്. സെറ്റുകളിലും കാരവനുകളിലും ഉള്‍പ്പെടെ പരിശോധന നടത്താന്‍ നിര്‍മ്മാതാക്കള്‍ അനുമതി നല്‍കിയതിനാല്‍ പൊലിസിന് ഇനി കാര്യങ്ങള്‍ എളുപ്പമാകും. ഓരു സിനിമാ സംഘടനയ്ക്ക് പോലും പൊലീസ് റെയ്ഡിനെ ഇനി ചോദ്യം ചെയ്യാന്‍ കഴിയില്ല. നിര്‍മ്മാതാക്കളുടെ അനുമതിയില്ലങ്കില്‍ പോലും ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ എവിടെ റെയ്ഡ് നടത്താനും പൊലീസിന് അധികാരമുണ്ട്. അതിന് സിനിമാ സംഘടനകളുടെ ഒരു ക്ലിയറന്‍സും ആവശ്യമേയില്ല. ഇപ്പോഴത്തെ സംഭവ വികാസങ്ങളോടെ ആകെയുള്ള ഒരു മെച്ചം ഷൂട്ടിങ് സെറ്റുകളില്‍ പൊലീസ് ‘അതിക്രമം’ എന്ന് നിര്‍മ്മാതാക്കള്‍ക്ക് മേലില്‍ പറയാന്‍ കഴിയില്ലന്നതുമാത്രമാണ്.

POLICE

POLICE

ലൊക്കേഷനുകളില്‍ മാത്രമല്ല താരങ്ങള്‍ തമ്പടിക്കുന്ന സ്വകാര്യ ഇടങ്ങളിലും പൊലീസ് പരിശോധന അനിവാര്യമാണ്.താരങ്ങള്‍ ഉള്‍പ്പെട്ട രാത്രി പാര്‍ട്ടികളെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തേണ്ടതുണ്ട്.

സിനിമാ – സീരിയല്‍ രംഗത്തെ പലരും സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണ് എന്ന ആക്ഷേപവും കുറേ നാളുകളായി നിലവിലുണ്ട്. ഇക്കാര്യവും പൊലീസ് സമഗ്രമായി അന്വേഷിക്കണം. സിനിമാഭ്രമം മൂത്ത് അവസരത്തിനായി വരുന്ന പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതും ഞെട്ടിക്കുന്ന കാര്യമാണ്. പലരും പേടിച്ചിട്ടാണ് പരാതിയുമായി രംഗത്ത് വരാതിരിക്കുന്നത്.

ലഹരിമരുന്ന് സംഘങ്ങളുടെ കയ്യില്‍ അകപ്പെടുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പിന്നീട് അവരുടെ അടിമകളായി മാറുന്നത് സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെയാണ് നിലവില്‍ ദൃശ്യമാകുന്നത്.

സിനിമയില്‍ നായകന്റെ നിഴലായി നില്‍ക്കാന്‍ വിധിക്കപ്പെടുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പോലും പല തരും ചൂഷണങ്ങള്‍ക്ക് ഇപ്പോള്‍ വിധേയരാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ സിനിമാ രംഗത്തെ വിഴുപ്പലക്കലില്‍ പ്രമുഖര്‍ തന്നെ പല വട്ടം വിളിച്ചു പറഞ്ഞിട്ടുള്ളതുമാണ്.അന്നതെല്ലാം കേവലം ആരോപണം മാത്രമായാണ് തോന്നിയതെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല, അല്‍പം സീരിയസ് തന്നെയാണ്.

ഗതികേട് കൊണ്ടാണ് നിര്‍മ്മാതാക്കള്‍ ലഹരി ഉപയോഗത്തെ കുറിച്ച് പറഞ്ഞതെന്ന് കരുതി അവര്‍ക്ക് പോലും ക്ലീന്‍ ചിറ്റ് കൊടുക്കാന്‍ പാടില്ല. കാരണം ലൊക്കേഷനില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും നിര്‍മാതാവാണ് പ്രധാന ഉത്തരവാദി. കാരവനുകളില്‍ വച്ച് താരങ്ങള്‍ ലഹരി ഉപയോഗിച്ചാല്‍ അതിനും നിര്‍മ്മാതാവ് തന്നെയാണ് പ്രധാന ഉത്തരവാദി. ഷെയിന്‍ നിഗം വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത നടി മാല പാര്‍വതി തുറന്ന് പറഞ്ഞ കാര്യങ്ങളും അതീവ ഗൗരവമുള്ളതാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന നിരവധി പേര്‍ സിനിമാ രംഗത്തുണ്ടെന്നാണ് അവരുടെ വെളിപ്പെടുത്തല്‍. ഇതിന് സമാനമായ വെളിപ്പെടുത്തല്‍ മറ്റു ചില സിനിമാ പ്രവര്‍ത്തകരും നടത്തിയിട്ടുണ്ട്. ഇതെല്ലാം മൊഴിയായി രേഖപ്പെടുത്തി കര്‍ശന നടപടി സ്വീകരിക്കാനാണ് ഇനി പൊലീസ് തയ്യാറാകേണ്ടത്.

ലഹരി ഉപയോഗിച്ചാലേ അഭിനയം വരൂ എന്ന് പറയുന്ന താരങ്ങളെ മലയാള സിനിമക്ക് ഒരിക്കലും ആവശ്യമില്ല. ഇത്തരം വില്ലത്തരം ചെയ്യുന്നവരുടെ ഹീറോയിസം കണ്ടിരിക്കേണ്ട ഗതികേട് ഈ നാട്ടിലെ പ്രേക്ഷകര്‍ക്കുമില്ല. ഇക്കൂട്ടര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെയാണിപ്പോള്‍ തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ചെറുപ്പക്കാര്‍ക്കിടയില്‍ അച്ചടക്കമില്ലായ്മ വ്യാപകമാണെന്നാണ് നിര്‍മ്മാതാക്കളുടെ മറ്റൊരു ആരോപണം. ഈ വിഭാഗത്തില്‍ പെട്ട താരങ്ങള്‍ അഭിനേതാക്കളുടെ സംഘടനയില്‍ അംഗത്വമെടുക്കാന്‍ മടിക്കുകയാണെന്ന വിചിത്രമായ ആരോപണവും നിര്‍മ്മാതാക്കള്‍ ഉന്നയിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണിത്. ‘അമ്മ’യില്‍ അംഗമായ താരങ്ങളില്‍ ഒരു വിഭാഗം ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് പറഞ്ഞത് ആ സംഘടനയില്‍ അംഗമായ നടി തന്നെയാണെന്ന കാര്യം സിനിമാ സംഘടനകള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

താരങ്ങള്‍ മാത്രമല്ല, മലയാള സിനിമയിലെ പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ്. ഇക്കാര്യങ്ങളും സിനിമാ രംഗത്തുള്ളവര്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതായത് ചികിത്സ ഒരാളില്‍ മാത്രമല്ല, ഒരു പാട് പേരില്‍ വേണമെന്ന് വ്യക്തം. ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുന്നവരെയാണ് നിര്‍മ്മാതാക്കള്‍ ആദ്യം വിലക്കേണ്ടത്. മുന്‍പേ ഇത്തരം ഒരു സമീപനം നിങ്ങള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ ഒരിക്കലും ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. താരങ്ങളുടെ കോള്‍ ഷീറ്റ് ലഭിക്കാന്‍ അവര്‍ക്കു മുന്നില്‍ എന്ന് നിര്‍മ്മാതാക്കള്‍ മുട്ട് വളച്ചോ അതോടെ തീര്‍ന്നതാണ് അവരുടെ പവര്‍. ഇപ്പോള്‍ സിനിമ ലോകത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താരങ്ങളും അവരുടെ സില്‍ബന്ധികളുമാണ്. തിരക്കഥ പോലും ഇവര്‍ മാറ്റിയെഴുതും, നടിമാരെയും നിശ്ചയിക്കും, ആര് സംവിധാനം ചെയ്യണമെന്ന് മാത്രമല്ല, ചിലപ്പോള്‍ അതുപോലും അവര്‍ ചെയ്തുകളയും. ഇതെല്ലാം കണ്ടും കേട്ടും ഓച്ചാനിച്ച് നില്‍ക്കാന്‍ മാത്രമേ നിര്‍മ്മാതാക്കള്‍ക്കിപ്പോള്‍ കഴിയുന്നൊള്ളു. ഈ ഗതികേടാണ് യഥാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ പുതിയ കാലത്തെ ശാപം.

Express View

Top