കൊച്ചി: വനിതാ സിനിമാതാരങ്ങളുടെ സംഘനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി താരസംഘടനയായ അമ്മ.
നടി ആക്രമിക്കപ്പെട്ട കേസില്‍ അനാവശ്യ പ്രതികരണങ്ങള്‍ക്കില്ലന്നും, പ്രതികളെ പിടിച്ചു കേസ് നന്നായി പോകുന്നുണ്ടെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു.
ആരോപണങ്ങളുന്നയിക്കുന്ന രണ്ട് പേരും അമ്മയുടെ മക്കളാണ് അവരെ ഒരിക്കലും തള്ളിപ്പറയില്ല, അമ്മ ഒറ്റക്കെട്ടാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഇതിനിടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് നടനും എം.എല്‍.എയുമായ മുകേഷ് രംഗത്തെത്തി. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും താരത്തിനെതിരെ മന:പൂര്‍വം കരിവാരി തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന ചോദ്യവുമാണ് മുകേഷിനെ ചൂടാക്കിയത്.
ദിലീപ് ഞങ്ങളുടെ കൂടെ ഇരിക്കുകയല്ലേയെന്നും പിന്നെ എങ്ങനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നിങ്ങള്‍ പറയണമെന്നും മുകേഷ് ചോദിച്ചു. നടന്‍മാരായ ദേവനും സാദിഖും മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി സംസാരിച്ചു. പോലീസുകാരുടെ ജോലി ചാനലുകാര്‍ ചെയ്യേണ്ടെന്നും സാദിഖ് പറഞ്ഞു.
നൂറ് ഭിന്നശേഷിക്കാര്‍ക്ക് സൈക്കിള്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കെ.ബി.ഗണേഷ് കുമാര്‍, ദേവന്‍, മണിയന്‍ പിള്ള രാജു, കുക്കു പരമേശ്വരന്‍, മുകേഷ് എന്നിവര്‍ക്കൊപ്പമാണ് ഇന്നസെന്റ് വാര്‍ത്താസമ്മേളനം നടത്തിയത്.
അമ്മ സംഘടനയുടെ 23ാമത് വാര്‍ഷിക പൊതുയോഗമാണ് വ്യാഴാഴ്ച നടന്നത്. അമ്മയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമാണ് യോഗം ചേര്‍ന്നത്.
വനിതാ താരങ്ങള്‍ ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചതിന് ശേഷമുള്ള അമ്മയുടെ ആദ്യ ജനറല്‍ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്.