കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് പിന്നില്‍ അമിത്ഷായെന്ന് യെദ്യൂരപ്പ; ഓഡിയോ ചോര്‍ന്നു

YEDHURAPPA

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് ജെഡിഎസ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ വീഴ്ചയ്ക്ക് പദ്ധതിയിട്ടത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് വെളിപ്പെടുത്തല്‍. ബിഎസ് യെദ്യൂരപ്പ ഇക്കാര്യം വെളിപ്പെടുത്തുന്ന ഒരു ഓഡിയോ ക്ലിപ്പ് ചോര്‍ന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

കര്‍ണാടകയിലെ ബിജെപി എംഎല്‍എമാര്‍ വിമത സ്വരമുയര്‍ത്തിയപ്പോള്‍ അതിനെ മറികടക്കാന്‍ സ്വയം ന്യായീകരിച്ചു കൊണ്ട് യെദ്യൂരപ്പ സംസാരിക്കുന്നതിന്റെഓഡിയോയാണ് ചോര്‍ന്നത്.

‘നിങ്ങളെക്കൊണ്ട് തീരുമാനങ്ങളെടുപ്പിച്ചത് ഞാനല്ലെന്നത് നിങ്ങള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. അങ്ങനെയല്ലേ?. ദേശീയ അധ്യക്ഷനാണ് മേല്‍നോട്ടം വഹിച്ചതും കാര്യങ്ങളെല്ലാം സജ്ജീകരിച്ചതും. 17 എംഎല്‍എമാര്‍ രണ്ടോ മൂന്നോ മാസത്തോളം തങ്ങളുടെ മണ്ഡലത്തിലേക്ക് പോവാതെ മുംബൈയില്‍ കഴിഞ്ഞു. അവര്‍ക്ക് അവരുടെ കുടുംബത്തെ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. അത് നിങ്ങള്‍ക്കറിയാമായിരുന്നില്ലേ. അങ്ങനെയല്ലേ’,യെദ്യൂരപ്പ പ്രവര്‍ത്തകരോടായി പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്.

‘അപ്രതീക്ഷിതമായി അവര്‍ നമ്മളെ സഹായിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും നമുക്ക് പ്രതിപക്ഷത്തിരിക്കേണ്ടി വന്നേനേ. ഭരണകക്ഷിയാവാന്‍ നമ്മെ സഹായിച്ചത് അവരാണ്. എംഎല്‍എ സ്ഥാനം അവര്‍ രാജിവെച്ചു. ഇതെല്ലാം അറിയുമെന്നിരിക്കെ ഇനിയെന്ത് വന്നാലും നമ്മള്‍ അവര്‍ക്കൊപ്പമാണ് നിലകൊള്ളേണ്ടത്’.പക്ഷെ നിങ്ങളാരും അത് പറഞ്ഞില്ല. ഇത് ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല’, എന്ന് യെദ്യൂരപ്പ പറയുന്നുണ്ട്.

എന്നോട് ക്ഷമിക്കണം. മുഖ്യമന്ത്രിയാവണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. മൂന്നോ നാലോ വട്ടം മുഖ്യമന്ത്രിയായിട്ടുണ്ട് ഞാന്‍. എന്നാല്‍ അവരെക്കൊണ്ട് എന്നെ വിശ്വാസത്തിലെടുപ്പിച്ച് കൊണ്ട് വീണ്ടും മുഖ്യമന്ത്രി ആയതിലൂടെ ഞാന്‍ വലിയൊരു തെറ്റ് ചെയ്തിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടുള്ളതായിരുന്നില്ല. പാര്‍ട്ടിയുടെ താത്പര്യം മാനിച്ച് അവര്‍ എല്ലൊവരെയും പിന്തുണക്കേണ്ടതായിരുന്നു’എന്നുപ്രവര്‍ത്തകരോട് യെദ്യൂരപ്പ സംസാരിക്കുന്നതും ഇതിലുണ്ട്.

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ യെദ്യൂരപ്പ പ്രതികരണവുമായി രംഗത്തുവന്നു. ശബ്ദരേഖയുടെ ആധികാരികത അദ്ദേഹം ചോദ്യം ചെയ്തില്ല, മറിച്ച് പാര്‍ട്ടി താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തകരോട് സംസാരിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

Top