മോദിയെ കൈ പിടിച്ച് ഉയർത്തിയതിന് ഒടുവിൽ ആ ‘കൈ’ തന്നെ ‘വെട്ടി’മാറ്റി . . .

രാഷ്ടീയ ഗുരുനാഥന്‍ എല്‍.കെ അദ്വാനിക്ക് മോദി നല്‍കിയ ഗുരുദക്ഷിണയാണ് ഗാന്ധിനഗറിലെ സീറ്റ് നിഷേധം. 1998മുതല്‍ അഞ്ചു തവണ ഗാന്ധിനഗറില്‍ നിന്നും എം.പിയായ അദ്വാനിയെ വെട്ടിനിരത്തി പകരം വിശ്വസ്ഥനായ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് സീറ്റു നല്‍കിയാണ് മോദി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് 91 വയസുകാരനായ അദ്വാനിയെ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കിയിരിക്കുന്നത്. രണ്ട് എം.പിമാരുമായി പാര്‍ലമെന്റിന്റെ മൂലക്കൊതുങ്ങിയ ബി.ജെ.പിയെ രാജ്യത്തെ പ്രധാന രാഷ്ട്രീയ ശക്തിയാക്കിയനേതാവാണ് ലാല്‍ കിഷന്‍ അദ്വാനി എന്ന ആര്‍.എസ്.എസിന്റെ പഴയ പടക്കുതിര.

നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി പദമേറാനുള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച നേതാവാണ് അദ്വാനി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് അദ്വാനി നടത്തിയ രഥയാത്രയും രാംജന്‍മഭൂമി പ്രക്ഷോഭവുമാണ് കോണ്‍ഗ്രസിന്റെ മേധാവിത്വം തകര്‍ത്ത് ബി.ജെ.പിക്ക് രാജ്യഭരണം സമ്മാനിച്ചത്. ഉത്തരേന്ത്യയെ ഇളക്കി മറിച്ച് അദ്വാനി നടത്തിയ രഥയാത്രയുടെ സഹായിയായിരുന്നു നരേന്ദ്രമോദി. ജനസംഘത്തിലൂടെയും ജനതാപാര്‍ട്ടിയിലൂടെയും ഒടുവില്‍ ബി.ജെ.പിയിലൂടെയും രാജ്യത്ത് ഹിന്ദുത്വവികാരമുയര്‍ത്തി ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് അദ്വാനിയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളായിരുന്നു.

ഭൂരിപക്ഷം തികയാതെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കേണ്ടി വന്ന എ.ബി വാജ്‌പേയിയെ 303 സീറ്റുകളുടെ ഭൂരിപക്ഷവുമായി 1999തില്‍ പ്രധാനമന്ത്രിയാക്കിയത് അദ്വാനിയുടെ തന്ത്രങ്ങളായിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ അദ്വാനിക്ക് ഉപപ്രധാനമന്ത്രി സ്ഥാനമാണ് ലഭിച്ചത്. ബി.ജെ.പിയിലെ രാമലക്ഷ്മണന്‍മാരായാണ് വാജ്‌പേയിയും അദ്വാനിയും വാഴ്ത്തപ്പെട്ടത്. അന്ന് ബി.ജെ.പിയിലെ അധികാര കേന്ദ്രങ്ങളുടെ ഏഴയലത്തുപോലും മോദി ഉണ്ടായിരുന്നില്ല.

തന്റെ പ്രിയ ശിഷ്യനായ നരേന്ദ്രമോദിയെ വാജ്‌പേയിയുടെ എതിര്‍പ്പുപോലും അവഗണിച്ച് വളര്‍ത്തികൊണ്ടുവന്നത് അദ്വാനിയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായ കേശുഭായി പട്ടേലിനെ ഒതുക്കാന്‍ മോദിയെ 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത് അദ്വാനിയായിരുന്നു. അദ്വാനിയുടെ വിനീത വിധേയനായി നിന്നാണ് മോദി അഞ്ചു തവണയും അദ്വാനിയെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും വിജയിപ്പിച്ച് പാര്‍ലമെന്റിലേക്കയച്ചത്. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തില്‍ മുഹമ്മദാലി ജിന്നയെ അദ്വാനി പ്രകീര്‍ത്തിച്ചതാണ് ആര്‍.എസ്.എസിന്റെ എതിര്‍പ്പും അമര്‍ഷവും ക്ഷണിച്ചുവരുത്തിയത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന അദ്വാനി 2016ല്‍ മത്സരിക്കേണ്ടതില്ലെന്ന് ആര്‍.എസ്.എസ് നിലപാടെടുത്തു. ഇതോടെ ആദ്വാനിയും ആര്‍.എസ്.എസും ഇടഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍.എസ്.എസ് ഉയര്‍ത്തികാട്ടി. ഭരണം ലഭിച്ച് മോദി പ്രധാനമന്ത്രിയായതോടെ അദ്വാനി ബി.ജെ.പി രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും ഒതുക്കപ്പെട്ടു. മന്ത്രിസഭയില്‍പോലും പങ്കാളിത്തം നല്‍കാതെ ബി.ജെ.പി എം.പിയായി ലോക്‌സഭയില്‍ മൂകനായിരുന്നു ലാല്‍ കിഷന്‍ അദ്വാനി.

പൊതുചടങ്ങുകളില്‍ അദ്വാനിക്ക് മുഖംപോലും നല്‍കാതെ മോദി അപമാനിച്ചു. അമിത്ഷാ ബി.ജെ.പി അധ്യക്ഷനായതോടെ അദ്വാനിയുടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായി. അദ്വാനിക്കു വേണ്ടി സംസാരിക്കാന്‍ മന്ത്രിസഭയില്‍ സുഷമസ്വരാജ് മാത്രമാണുണ്ടായിരുന്നത്. അദ്വാനി അനുകൂലികള്‍ ബി.ജെ.പിയില്‍ പൂര്‍ണ്ണമായും വെട്ടിനിരത്തപ്പെട്ടു. ഒടുവില്‍ സീറ്റ് നിഷേധിച്ച് അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിനും മോദി അവസാനം കുറിച്ചിരിക്കുന്നു. ബി.ജെ.പിയെ രാജ്യഭരണത്തിലെത്തിച്ച പഴയ സിംഹം ഇന്ന് ഒറ്റപ്പെടലിന്റെയും വഞ്ചനയുടെയും വേദനയിലാണ്. ഈ തിരഞ്ഞെടുപ്പില്‍ ഇനി കളി ഗാലറിയിലിരുന്ന് മാത്രം അദ്വാനിക്ക് കാണേണ്ടി വരും.

Top