അമിത്ഷായ്ക്ക് വിരുന്നൊരുക്കിയ ഒഡീഷ കര്‍ഷകന്‍ ബിജെഡിയിലേയ്ക്ക്

amitsha

ഭുവനേശ്വര്‍: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് സ്വന്തം വീട്ടില്‍ വിരുന്നൊരുക്കി വാര്‍ത്തകളില്‍ ഇടം നേടിയ ഒഡീഷയിലെ കര്‍ഷകന്‍ ബി.ജെ.പി വിട്ട് ബി.ജെ.ഡിയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം അമിത് ഷാ തന്റെ മിഷന്‍ 120 പരിപാടി ആരംഭിച്ചത് ഈ ദരിദ്ര കര്‍ഷകന്റെ വീട്ടില്‍ നിന്നായിരുന്നു.

സ്വന്തമായി അടച്ചുറപ്പുള്ള വീട് നല്‍കാമെന്ന വാഗ്ദാനമാണ് നബിന്‍ സൈ്വന്‍ എന്ന നാല്‍പ്പത്തഞ്ചുകാരനായ കര്‍ഷകനെ ബി.ജെ.ഡിയിലെത്തിച്ചത്.

‘അമിത് ഷാ വന്നു പോയതിന് ശേഷവും എന്റെ ദരിദ്ര ജീവിതത്തിന് ഒരു മാറ്റവും ഉണ്ടായില്ല. എനിക്കവര്‍ ഒരു വീട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ അവര്‍ ഒന്നും ചെയ്തില്ല. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വികസന പ്രവര്‍ത്തനത്തില്‍ ഞാന്‍ വളരെ ആകൃഷ്ടനാണ്. അതിനാല്‍ ബി.ജെ.ഡിയില്‍ ചേരാന്‍ ഞാന്‍ തീരുമാനമെടുത്തിരിക്കയാണ്’ നബിന്‍ സൈ്വന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീട് നല്‍കാമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്ന് നബിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ബംഗാളിലെ നക്സല്‍ബാരിയില്‍ അമിത് ഷായ്ക്ക് ഭക്ഷണം നല്‍കിയ മറ്റൊരു കര്‍ഷക കുടുംബവും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

സ്വന്തമായി വീടുപോലും ഇല്ലാത്തവരാണ് ഹുഗുളപട്ട ഗ്രാമത്തിലെ കര്‍ഷകരില്‍ മിക്കവരും. നബിന്റെ വീട്ടില്‍ വൈദ്യുതിയും ഇല്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് ഇദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ പഠിക്കുന്നത്. മുന്‍ വാര്‍ഡ് മെമ്പര്‍ കൂടിയായ ഭാര്യ സുധേഷ്ണ മറ്റൊരാളുടെ വയലില്‍ കര്‍ഷക തൊഴിലാളിയാണ്. 79 വയസ്സുള്ള പിതാവ് ഗ്രാമത്തില്‍ രാത്രി വാച്ച്മാനായി ജോലിനോക്കുന്നു. 500 രൂപയാണ് ഇദ്ദേഹത്തിന്റെ മാസ വരുമാനം.

ബി.ജെ.പിയുടെ കപട വാഗ്ദാനങ്ങളില്‍ മനം മടുത്ത് കൂടുതല്‍ ജനങ്ങള്‍ ബി.ജെ.ഡിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.ഡി നേതാവ് സസ്മിത് പാത്ര പ്രതികരിച്ചു.

Top