ശരണം വിളിക്കാനോ, വിളിപ്പിക്കാനോ? അമിത്ഷാ കേരളത്തിലേക്ക്. . .

Amit Shah

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്ന ബിജെപിയുടെ മുന്നറിയിപ്പിന് പിന്നാലെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്. ഈ മാസം 27 ന് സംസ്ഥാനത്തെത്തുന്ന അമിത്ഷാ ശിവഗിരി മഠത്തിലെ സന്യാസിമാരുമായി കൂടിക്കാഴ്ച്ച നടത്തും.

സന്ദര്‍ശനത്തിലൂടെ സന്യാസി സമൂഹത്തിന്റെ പിന്തുണയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ലക്ഷ്യംവെക്കുന്നത്. ഇതിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി ശബരിമലയിലെ സമരത്തെക്കുറിച്ച് ചര്‍ച്ച നടത്തും. വിഷയത്തില്‍ ചില ആര്‍എസ്എസ് നേതാക്കള്‍ സ്വീകരിച്ച നിലപാട് ബിജെപിയെ നേരത്തെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരുന്നു. ബിജെപിയുടെ ബൗദ്ധിക വിഭാഗം മേധാവി ടിജി മോഹന്‍ദാസ് ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം നിലപാടുകളില്‍ പ്രതിരോധത്തിലേക്ക് നീങ്ങിയ സാഹചര്യത്തെക്കുറിച്ച് നേതാക്കള്‍ ദേശീയ അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

sabarimala

രണ്ടാംഘട്ട സമരത്തിന്റെ രൂപരേഖയും ബിജെപി നേതാക്കള്‍ അമിത്ഷായെ ധരിപ്പിക്കും. ഇതിനിടെ സംസ്ഥാന ഘടകത്തിലെ പടല പിണക്കങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് ചില നേതാക്കള്‍ അമിത്ഷായെ നേരില്‍ കണ്ട് ധരിപ്പിക്കാന്‍ തീരുമാനം എടുത്തതായാണ് സൂചന. യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കിയത് അമിത്ഷായുടെ അടുപ്പക്കാരാണെന്ന വാര്‍ത്ത വന്നതും കേരളത്തില്‍ നിന്നാണ്. ഇതിനെ ദേശീയ നേതൃത്വം ഗൗരവമായാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് അമിത്ഷായുടെ വരവിനെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ ആശങ്കയോടെ കാണുന്നത്.

sabarimala

കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളും നേതാക്കള്‍ അമിത്ഷായെ അറിയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചയും സന്ദര്‍ശനത്തിനിടെയുണ്ടാകും. അതിനിടെ ശബരിമല പ്രക്ഷോഭത്തില്‍ ബിഡിജെഎസ്, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, കേരളാ കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികള്‍ ബിജെപിക്കൊപ്പം നിലയുറപ്പിച്ചത് നേതാക്കള്‍ അമിത്ഷായെ ബോധ്യപ്പെടുത്തും. ബിജെപിയുടെ അക്കൗണ്ടിലൂടെ ഇങ്ങനെ കൂടുതല്‍ സീറ്റുകള്‍ കേരളത്തിന് തരപ്പെടുത്തിയെടുക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.

Top