വീണ്ടും മോദി ‘യുഗം’ വന്നാല്‍ . . അമിത് ഷാ ഉപ പ്രധാനമന്ത്രി ആയേക്കുമെന്ന് റിപ്പോര്‍ട്ട് !

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ഉപപ്രധാനമന്ത്രി ആയേക്കും.

2014- ല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച അമിത് ഷാ തന്നെയാണ് 2019-ലും നരേന്ദ്ര മോദിക്കൊപ്പം നിന്ന് ബി.ജെ.പിയുടെ പട നയിക്കുന്നത്.

മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ തന്ത്രപ്രധാനമായ വകുപ്പോടെ അമിത് ഷാ ഉപപ്രധാനമന്ത്രിയാകുമെന്നാണ്‌ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തവണ അമിത് ഷായെ രാജ്യസഭയിലെത്തിച്ചത് തന്നെ ആര്‍.എസ്.എസ് നേതൃത്വവും മോദിയും തമ്മില്‍ നടന്ന ആശയ വിനിമയത്തെ തുടര്‍ന്നായിരുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായെ പിന്നീട് ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആര്‍.എസ്.എസ് നേതൃത്വം പരിഗണിച്ചത് മോദിയുടെ ശക്തമായ ആവശ്യപ്രകാരമായിരുന്നു.

കരുത്തനായ സംഘാടകനും അതി ബുദ്ധിമാനുമായ അമിത് ഷായുടെ കരു നീക്കങ്ങളാണ് അടുത്തിടെ നടന്ന രാജ്യസഭ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ പോലും എന്‍.ഡി.എ സഖ്യത്തിന് വിജയം ഉറപ്പാക്കിയത്.

എന്‍.ഡി.എ മുന്നണിയില്‍ ഇല്ലാതിരുന്ന ടി.ആര്‍.എസിനെയും ബിജു ജനതാദളിനെയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.

സി.പി.എം കോട്ടയായി അനവധി വര്‍ഷം ചെമ്പട കാത്ത് സൂക്ഷിച്ച ത്രിപുര ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി സംസ്ഥാനങ്ങളില്‍ അട്ടിമറി വിജയം നേടി അധികാരം പിടിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചതിന് പിന്നിലും അമിത് ഷായുടെ ബുദ്ധി ഉണ്ടായിരുന്നു.

WhatsApp Image 2018-08-28 at 4.58.21 PM

എന്തിനേറെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം കേരളത്തില്‍ വര്‍ദ്ധിപ്പിക്കാനും നിയമസഭയില്‍ താമര വിരിയിപ്പിക്കാനും കാവി പടക്ക് കഴിഞ്ഞതും ഈ കാലയളവില്‍ തന്നെയാണ്.മമത ബാനര്‍ജിയുടെ ബംഗാളില്‍ പോലും വലിയ മുന്നേറ്റമാണ് ബി.ജെ.പി ഇപ്പോള്‍ നടത്തുന്നത്.

അടുത്തിടെ ഇവിടെ അമിത് ഷാ പങ്കെടുത്ത റാലിയില്‍ പതിനായിരങ്ങളാണ് ഒഴുകി എത്തിയത്. ബംഗാളില്‍ ബി.ജെ.പി സ്വാധീനം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു എന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2014-ല്‍ ‘ഒരവസരം ഇല്ലെങ്കില്‍ ഇനി ഇല്ല’ എന്ന് നേതാക്കളോട് തുറന്നു പറഞ്ഞ രാഹുല്‍ ഗാന്ധി അഭിപ്രായ ഭിന്നതയും പ്രധാനമന്ത്രി മോഹവും മാറ്റിവച്ച് ഏത് വിധേനയും കൂടുതല്‍ പാര്‍ട്ടികളെ യു.പി.എയുടെ ഭാഗമാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതും ബിജെപി പേടിയിലാണ്.ഉയര്‍ത്തിക്കാട്ടാന്‍ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ല എന്നതാണ് പ്രതിപക്ഷം നേരിടുന്ന പ്രധാന വെല്ലുവിളി.

ബി.ജെ.പിയാകട്ടെ തന്ത്രപരമായ നീക്കങ്ങളാണ് മോദിയെ മുന്‍ നിര്‍ത്തി ഇപ്പോള്‍ നടത്തി വരുന്നത്.എന്‍.ഡി.എയുടെ ഭാഗമല്ലാതെ മത്സരിക്കുന്ന പാര്‍ട്ടികളുടെ പോലും പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

യു.പി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ഹരിയാന, ബംഗാള്‍, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

തമിഴകത്ത് രജനീകാന്ത് രൂപം നല്‍കുന്ന രാഷ്ട്രീയ സംവിധാനവും ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും നേട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. തെലങ്കാനയില്‍ ഭരണപക്ഷമായ ടി.ആര്‍.എസ് തന്നെ വിജയം ആവര്‍ത്തിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഇവരുടെ എല്ലാം പിന്തുണ മോദിയുടെ രണ്ടാം ഊഴത്തിന് ലഭിക്കുമെന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.

WhatsApp Image 2018-08-28 at 4.58.20 PM

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇത്തവണ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് ഉണ്ടാകുമെന്നും കോണ്‍ഗ്രസ്സ് തകര്‍ന്നടിയുമെന്നും ബി.ജെ.പി കരുതുന്നു.

ഏറ്റവും അധികം എം.പിമാരെ സൃഷ്ടിക്കുന്ന യു.പിയില്‍ സമാജ് വാദി – ബി.എസ്.പി സഖ്യം ഉണ്ടാകാതിരിക്കാനും ചില നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ സംഘ പരിവാര്‍ സംഘടനകള്‍ തുടങ്ങിയിട്ടുണ്ട്.

പിന്നോക്ക വിഭാഗത്തെയും ഒപ്പം നിര്‍ത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും യു.പിയില്‍ തന്നെ ആയിരിക്കും. വാരണാസിയില്‍ നിന്നു തന്നെ വീണ്ടും മോദി ജനവിധി തേടുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

പ്രചരണത്തിനായി സിനിമാ – ക്രിക്കറ്റ് – ടിവി താരങ്ങളുടെ ഒരു പട തന്നെ കാവിപ്പടക്കായി ഇറങ്ങും.

ആര്‍.എസ്.എസ് കഴിഞ്ഞ തവണത്തെ പോലെ തന്നെ പൂര്‍ണ്ണ സംഘടനാ സംവിധാനവും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഉപയോഗപ്പെടുത്തും.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നല്ല പരിഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാവും ഇത്തവണ ബി.ജെ.പി ഇറക്കുകയെന്നാണ് ലഭിക്കുന്ന സൂചന.

Top