‘കോണ്‍ഗ്രസിനെ പ്രതിപക്ഷമായി ലഭിച്ചത് ഭാഗ്യം’ ; രാഹുലിനെ കുട്ടിയെന്ന് പരിഹസിച്ച് അമിത് ഷാ

amith-sha

ന്യൂഡല്‍ഹി :കോണ്‍ഗ്രസിനെ പോലെ ഒരു പ്രതിപക്ഷത്തെ ലഭിച്ചത് ഭാഗ്യമാണെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ദശകങ്ങളായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്റെ മൂന്നു തലമുറ എന്തു ചെയ്തു എന്ന് പറയുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ ഇതു ചെയ്യുന്നില്ല, അതു ചെയ്യുന്നില്ല എന്നു പറഞ്ഞ് ആക്രമിക്കുകയാണ് രാഹുലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ജയ്പൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്ന അമിത് ഷാ, കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുട്ടി എന്നു വിളിച്ച് അഭിസംബോധന ചെയ്യുകയും ചെയ്തു.

ഹേയ് ബാബു (കുട്ടി), കഴിഞ്ഞ 70 വര്‍ഷമായി എന്തൊക്കെയാണ് നിങ്ങള്‍ ചെയ്തത്. നിങ്ങളുടെ മൂന്നു തലമുറകള്‍ ഇതെല്ലാം ചെയ്തിരുന്നെങ്കില്‍ ശുചി മുറികള്‍ നിര്‍മ്മിക്കാനും പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്യാനും തങ്ങള്‍ക്ക് ഭാഗ്യമുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തോല്‍വി നേരിട്ടതില്‍ സന്തോഷമാണുള്ളതെന്നും അമിത്ഷാ വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെടുമ്പോഴും ചില ഉപതിരഞ്ഞെടുപ്പുകളിലെ വിജയം കൊണ്ടു മാത്രം സംതൃപ്തരാകുന്ന പ്രതിപക്ഷത്തെ കിട്ടിയതില്‍ നാം ഭാഗ്യവാന്‍മാരാണ്. നാം എട്ട് ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. എന്നാല്‍ അവരില്‍ നിന്ന് 14 സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തു. മോദി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ശുചിമുറികള്‍ നിര്‍മിക്കുന്നു, പാചക വാതക സിലിണ്ടറുകള്‍ ലഭ്യമാക്കുന്നു, മറ്റ് സാമൂഹിക ക്ഷേമ പ്രവര്‍ത്തികള്‍ നടത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. ഇത് ചെയ്യുന്നില്ല എന്ന് കുറ്റപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധിയെന്നും ബി ജെ പി അധ്യക്ഷന്‍ വ്യക്തമാക്കി.

Top