അമിത് ഷായുടെ ആഹ്വാനത്തെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും സിപിഐഎം പിബി

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തെ അപലപിച്ച് സിപിഐഎം പിബി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണഘടനയോടുള്ള അവഹേളനമാണ് വ്യക്തമാകുന്നതെന്നും അമിത് ഷായുടെ ആഹ്വാനത്തെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും പിബി കൂട്ടിച്ചേര്‍ത്തു.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണവും പിബി അപലപിച്ചു.

അതേസമയം ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ അയ്യപ്പ ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ലെന്നും അമിത്ഷാ പറഞ്ഞിരുന്നു. കേരളത്തില്‍ അടിയന്തരാവസ്ഥയെക്കാള്‍ മോശമായ അവസ്ഥയാണ് ഇന്നുള്ളത്. ആയിരക്കണക്കിന് പേരെ ജയിലിലടച്ചത് എന്തിന് വേണ്ടിയായിരുന്നു? അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇടതുസര്‍ക്കാര്‍ അയ്യപ്പന്റെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. കേരളത്തിന്റെ വികസനം നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാരിലൂടെ മാത്രമേ സാധ്യമാകൂ എന്നും ഷാ വ്യക്തമാക്കി.

Top