ഈ വിജയം പാക്കിസ്ഥാന് മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണം; അമിത് ഷാ

ന്യൂഡല്‍ഹി:ഇന്നലെ നടന്ന ഇന്ത്യ-പാക്ക് പോരാട്ടത്തില്‍ പാക്കിസ്ഥാനേറ്റ തോല്‍വി പാക്കിസ്ഥാനു മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിവു പോലെ വിജയം ഇന്ത്യയ്ക്കു തന്നെയായിരുന്നു.മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദങ്ങള്‍. ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നുന്ന നിമിഷമാണിത്, അവര്‍ ഓരോരുത്തരും ആഘോഷിക്കുകയാണ് ഈ മിന്നും ജയം അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ഏഴാം തോല്‍വിയാണിത്.

ഇന്ത്യയുടെ പോരാട്ട വിജയത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളും ഇന്ത്യന്‍ ടീമിന് അഭിന്ദനങ്ങള്‍ അറിയിച്ച് രംഗത്ത് വന്നു. ‘ക്രിക്കറ്റിലെ വിസ്മയകരമായ പ്രകടനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ പുറത്തെടുത്തത്. ആശംസകള്‍. ടീം ഇന്ത്യയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു..’ രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, പിയുഷ് ഗോയല്‍, കിരണ്‍ റിജിജു, സുരേഷ് പ്രഭു എന്നിവരും ഇന്ത്യന്‍ ടീമിന് ആശംസകളറിയിച്ച് രംഗത്ത് വന്നു.

‘മഴയ്ക്ക് കളി തടസ്സപ്പെടുത്താം എന്നാല്‍ ഇന്ത്യയുടെ ജയത്തെ തടയാനാകില്ല’ എന്നായിരുന്നു സുരേഷ് പ്രഭുവിന്റെ ട്വീറ്റ്. പാക്ക് സൈന്യത്തിന്റെ പിടിയില്‍ നിന്നു മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മീശ രോഹിത് ശര്‍മയുടെ ചിത്രത്തില്‍ ചേര്‍ത്തായിരുന്നു കര്‍ണാടകയിലെ ബിജെപി നേതാക്കളുടെ സന്തോഷ പ്രകടനം. ഇന്ത്യന്‍ ടീമിന്റെ വിജയത്തിനൊപ്പം രോഹിത് ശര്‍മയുടെ സെഞ്ചുറിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദനം അറിയിച്ചു.

പാക്കിസ്ഥാനെ മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമിന് അഭിന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നു.പകരം വയ്ക്കാനാകാത്ത വിജയം എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. ‘ഈ ടീം എല്ലായ്‌പ്പോഴും രാജ്യത്തിന് അഭിമാനിക്കാനുള്ള നിമിഷങ്ങളാണ് സമ്മാനിക്കുന്നത്..’ എന്നാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.ഈ വിജയം എല്ലാം ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചു എന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തത്.

‘പാക്കിസ്ഥാന്‍ തോറ്റു, പക്ഷേ സ്വയം ആക്ഷേപിച്ചുള്ള തമാശകളിലൂടെ അവര്‍ ട്വിറ്ററിനെ കൂടുതല്‍ രസകരമാക്കിത്തീര്‍ക്കും, തീര്‍ച്ച…’എന്നായിരുന്നു മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ട്വീറ്റ്. മത്സരത്തിലെ തോല്‍വിക്കു പിന്നാലെ ഒട്ടേറെ ‘പാക്ക് സെല്‍ഫ് ട്രോളുകള്‍’ ട്വിറ്ററില്‍ നിറഞ്ഞതിനെ പരാമര്‍ശിച്ചായിരുന്നു മെഹബൂബയുടെ ട്വീറ്റ്. ”ഈ ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം വിജയത്തിന് അഭിനന്ദനങ്ങള്‍’ എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്.

ആം ആദ്മി പാര്‍ട്ടിയും കോലിപ്പടയെ അഭിനന്ദിച്ച് രംഗത്ത് വന്നു. ‘നമ്മുടെ ചുണക്കുട്ടികളെ ആര്‍ക്കും പിടിച്ചുനിര്‍ത്താനാകാതെയായിരിക്കുന്നു… അഭിനന്ദനങ്ങള്‍’ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തത്.

Top