ബിജെപി ഗുജറാത്തിൽ ശാശ്വത സമാധാനം കൊണ്ടുവന്നു: അമിത് ഷാ

അഹമ്മദാബാദ്: ഗുജറാത്തിൽ അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് നടത്തിയ റാലിക്കിടെ അമിത് ഷാ നടത്തിയ പ്രസംഗം വിവാദമായി. 2002 ലെ ഗുജറാത്ത് കലാപത്തെ സൂചിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗമാണ് വിവാദമായത്. നിലവിൽ മഹുധ സീറ്റ് കോൺഗ്രസിൻറെ കൈവശമാണ്.

‘ഗുജറാത്തിൽ കോൺഗ്രസ് ഭരണകാലത്ത് കലാപകാരികൾക്ക് സഹായം ലഭിച്ചിരുന്നു. എന്നാൽ, 2002 ൽ അക്രമികളെ പാഠം പഠിപ്പിച്ചു. 2002 മുതൽ 2022 വരെ സംസ്ഥാനത്ത് കലാപം ആവർത്തിച്ചില്ല. ബിജെപി സംസ്ഥാനത്ത് സ്ഥിരമായ സമാധാനം സ്ഥാപിച്ചു’- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. “ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് (1995-ന് മുമ്പ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. കോൺഗ്രസ് വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു. സമുദായങ്ങളും ജാതികളും പരസ്പരം പോരടിച്ചു. ഇത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു. 2002-ൽ ഗുജറാത്ത് കലാപത്തിന് സാക്ഷ്യം വഹിച്ചത് കോൺഗ്രസിൽ നിന്ന് ലഭിച്ച ദീർഘകാല പിന്തുണ കാരണം അക്രമികൾ അക്രമത്തിൽ ഏർപ്പെടുന്നത് പതിവാക്കിയതിനാലാ”ണെന്നും അമിത് ഷാ അവകാശപ്പെട്ടു.

എന്നാൽ 2002-ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം ഈ കലാപകാരികൾ അക്രമത്തിൻറെ പാത വിട്ടു. 2002 മുതൽ 2022 വരെ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് അവർ വിട്ടുനിന്നെന്നും ഗുജറാത്തിൽ ബിജെപി ശാശ്വത സമാധാനം സ്ഥാപിച്ചുവെന്നും കേന്ദ്രമന്ത്രി ആവർത്തിച്ചു. പ്രസംഗത്തിനിടെ ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമിത് ഷാ നന്ദി പറഞ്ഞു. കോൺഗ്രസിൻറെ “വോട്ട് ബാങ്ക്” കാരണമാണ് അവർ അതിനെ എതിർത്തതെന്നും അതിത് ഷാ ആരോപിച്ചു.

Top