അമിതാഭ് ബച്ചനുള്ള ബിഎഡ് പരീക്ഷ അഡ്മിറ്റ് കാര്‍ഡുമായി യു പി സര്‍വ്വകലാശാല

ഗോണ്ട: ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡില്‍ അമിതാഭ് ബച്ചന്റെ ചിത്രം. ഉത്തര്‍പ്രദേശ് ഫസിയാബാദിലെ ഡോ.റാം മനോഹര്‍ ലോഹ്യ അവധ് സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ കാര്‍ഡിലാണ് ഗുരുതരമായ പിഴവ് വന്നിരിക്കുന്നത്. ഗോണ്ട ജില്ലയിലെ രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥിയായ അമിതി ദിവേതിയുടെ കാര്‍ഡിലാണ് ബച്ചന്റെ പടം.

രണ്ടാം വര്‍ഷ പരീക്ഷക്കുള്ള അപേക്ഷ ഫോം തന്റെ ഫോട്ടോ സഹിതമാണ് പൂരിപ്പിച്ച് അയച്ചതെന്ന് അമിതി പറഞ്ഞു. എന്നാല്‍, മറ്റ് രേഖകള്‍ സമര്‍പ്പിച്ചതുകൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ സാധിച്ചു. പക്ഷേ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

എന്നാല്‍, അപേക്ഷ ഫോം പൂരിപ്പിച്ചപ്പോള്‍ ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് പറ്റിയ തെറ്റാകാം ഇതെന്നാണ് രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഗൂര്‍പേന്ദ്ര മിശ്ര പറയുന്നത്. സംഭവത്തെക്കുറിച്ച് പരീക്ഷാ സെന്ററില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top