ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: അമിതാഭ് ബച്ചന് ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

‘അമിതാഭ് ബച്ചന്‍ എന്ന ഇതിഹാസം, രണ്ട് പതിറ്റാണ്ടുകളായി നമ്മെ ആനന്ദിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തിരിക്കുകയാണ്. കമ്മിറ്റിയുടെ ഐകണ്‌ഠ്യേനമായ തീരുമാനത്തിലാണ് ബച്ചനെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യവും, അന്താരാഷ്ട്ര സമൂഹവും ഇതില്‍ സന്തോഷവാന്‍മാരായിരിക്കും. എന്റെ എല്ലാവിധ അഭിനന്ദനങ്ങളും അദ്ദേഹത്തെ അറിയിക്കുന്നുവെന്ന്’ ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.

നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നല്‍കി ആദരിച്ചിട്ടുണ്ട്.

1969ൽ സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973ൽ ഇറങ്ങിയ സഞ്ജീർ ആണ് നായകനായി അഭിനയിച്ച ആദ്യ ചിത്രം.

Top