അമിതാഭ് ബച്ചന്‍ കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു

ഹൈദരാബാദ്: അമിതാഭ് ബച്ചന്‍ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധവാക്‌സിന്റെ രണ്ടാം ഡോസെടുത്തുവെന്ന വാര്‍ത്ത അമിതാഭ് ബച്ചന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഒപ്പം വാക്‌സിനേഷന്റെ ചിത്രവും ബോളിവുഡ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

കഴിഞ്ഞ മാസമായിരുന്നു ബിഗ് ബി ആദ്യ ഡോസ് എടുത്തത്. കൊവിഡ് രണ്ടാം തരംഗത്തില്‍ നിരവധി ബോളിവുഡ് നടന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കങ്കണ റണൗട്ട്, ആമിര്‍ ഖാന്‍, വിക്കി കൗശല്‍, കത്രീന കൈഫ്, ഭൂമി പഡ്നേക്കര്‍, രണ്‍ധീര്‍ കപൂര്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ക്ക് കൊവിഡ് ബാധ കണ്ടെത്തുകയും ക്വാറന്റെന് ശേഷം രോഗമുക്തരാവുകയും ചെയ്തിരുന്നു.

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനിന്റെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഝൂണ്ഡ്, ബ്രഹ്‌മാസ്ത്ര, ഗുഡ്‌ബൈ, മെയ് ഡേ എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ.

കൂടാതെ, ഋഷി കപൂറിന് പകരം ദീപിക പദുകോണിനൊപ്പം ദി ഇന്റേണിന്റെ ഹിന്ദി പതിപ്പിലും അമിതാഭ് ബച്ചന്‍ വേഷമിടുന്നുണ്ട്.

 

Top