അമിതാഭ് ബച്ചന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുംബൈ: ബോളിവുഡ് സിനിമയുടെ ‘ബിഗ് ബി’ അമിതാഭ് ബച്ചന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊറോണ വൈറസ് വാക്‌സിന്‍ ലഭിച്ചുവെന്ന വാര്‍ത്ത 78കാരനായ താരം തന്റെ ബ്ളോഗിലൂടെയാണ് ആരാധകരെ അറിയിച്ചത്. മകന്‍ അഭിഷേക് ബച്ചന്‍ ഒഴികെയുള്ള തന്റെ കുടുംബത്തിലെ ഓരോ അംഗവും വാക്‌സിന്‍ സ്വീകരിച്ചുവെന്ന് താരം വെളിപ്പെടുത്തി.

വാക്‌സിനേഷന്‍ ചെയ്തു ഇന്നലെ കുടുംബത്തിനും സ്റ്റാഫിനുമായി കൊവിഡ് പരിശോധന നടത്തുകയും ഫലങ്ങള്‍ ഇന്ന് പുറത്ത് വരികയും ചെയ്തു എല്ലാം നെഗറ്റീവ് ആണ്. അഭിഷേക് ഒഴികെ എല്ലാ കുടുംബാംഗങ്ങളും വാക്‌സിനേഷന്‍ ചെയ്തു, കാരണം അദ്ദേഹം ലൊക്കേഷനിലാണ്, കുറച്ച് ദിവസത്തിനുള്ളില്‍ അഭിഷേകും വാക്‌സിന്‍ സ്വീകരിക്കും’ എന്ന് ബച്ചന്‍ കുറിച്ചു.

വാക്‌സിനേഷന്‍ പ്രക്രിയയെ ‘ചരിത്രപരം’ എന്നാണ് അമിതാഭ് ബച്ചന്‍ വിശേഷിപ്പിച്ചത്. സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഷര്‍മിള ടാഗോര്‍, ധര്‍മേന്ദ്ര, ഹേമമാലിനി, മോഹന്‍ലാല്‍, ജീതേന്ദ്ര, കമല്‍ ഹാസന്‍, നാഗാര്‍ജുന, രോഹിത് ഷെട്ടി, നീന ഗുപ്ത, രാകേഷ് റോഷന്‍, ജോണി ലെവര്‍ എന്നിവര്‍ക്ക് ശേഷം വാക്‌സിനേഷന്‍ സ്വീകരിക്കുന്ന താരമാണ് ബച്ചന്‍. കഴിഞ്ഞ വര്‍ഷമാണ് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് ബച്ചന്‍, ചെറുമകള്‍ ആരാദ്യ ബച്ചന്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

 

Top