ഇന്ത്യ – പാകിസ്താന്‍ മത്സരം കാണാന്‍ അമിതാഭ് ബച്ചനും രജനികാന്തും സച്ചിനുമെത്തും

അഹമ്മദാബാദ്: ഈ മാസം 14ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് ബിസിസിഐ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയമായ പരിപാടികളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ- പാകിസ്താന്‍ മത്സരം കാണാന്‍ അമിതാഭ് ബച്ചനും രജനികാന്തും സച്ചിന്‍ തെണ്ടുല്‍ക്കറും പ്രത്യേക ക്ഷണിതാക്കളായി എത്തും. മത്സരത്തിനു മുന്‍പ് ഗായകന്‍ അര്‍ജിത് സിംഗ് അടക്കമുള്ളവരുടെ പ്രകടനങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ഉദ്ഘാടന ചടങ്ങ് ഇല്ലാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

അതേസമയം, ലോകകപ്പില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുകയാണ്. അഫ്ഗാനിസ്താനാണ് എതിരാളികള്‍. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. അഫ്ഗാനിസ്താനാവട്ടെ, ബംഗ്ലാദേശിനെതിരായ ആദ്യ കളി പരാജയപ്പെട്ടു.

Top