അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

മുംബൈ: നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരമിപ്പോള്‍. ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയെന്നും കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നാഗ് അശ്വന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങള്‍ ബച്ചന്‍ പങ്കുവച്ചത്. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ താന്‍ ജോലി ചെയ്തുവെന്നും ബച്ചന്‍ പറഞ്ഞു. പ്രഭാസ്, ദീപികാ പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പഠാണി, അന്നാ ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

”വീണ്ടും വൈകി. ഇന്നലെ രാത്രി ജോലിയില്‍ നിന്ന് വൈകിയാണ് എത്തിയത്… കല്‍ക്കി പൂര്‍ത്തിയാകുകയാണ്. മെയ് 9 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. അടുക്കിലും ചിട്ടയിലും എല്ലാം പൂര്‍ത്തിയാക്കാനുള്ള അവസാന ശ്രമങ്ങള്‍ നടക്കുകയാണ്. അണിയറക്കാരുടെ ഈ കാഴ്ചപ്പാട് സിനിമയ്ക്ക് മികച്ച അനുഭവം നല്‍കാന്‍ സഹായകരമാകും-ബച്ചന്‍ കുറിച്ചു.

Top