മുംബൈ: അയോധ്യയില്‍ അമിതാഭ് ബച്ചന്‍ 7 സ്റ്റാര്‍ എന്‍ക്ലേവില്‍ വസ്തു സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദന്‍ ലോധ (HoABL)യാണ് വസ്തുവിന്റെ ഡെവലപ്പര്‍. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീട് നിര്‍മ്മിക്കാന്‍ ബച്ചന്‍ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങള്‍ പറയുന്നത്. പ്രൈം ദിനമായ ജനുവരി 22-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഈ മാസം 22-നാണ് 51 ഏക്കറില്‍ പരന്നുകിടക്കുന്ന അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്.
പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചന്‍ പറഞ്ഞത് ഇങ്ങനെ, ‘എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയില്‍ ഈ യാത്ര ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ നടന്റെ ജന്മസ്ഥലമായ അലഹബാദിലേക്ക് (ഇപ്പോള്‍ പ്രയാഗ് രാജ്) അയോധ്യയില്‍ നിന്ന് നാഷണല്‍ ഹൈവേ 330 വഴി നാല് മണിക്കൂര്‍ യാത്രയുണ്ട്. ഇത് തന്റെ കമ്പനിയുടെ ‘നാഴികക്കല്ലായ നിമിഷം’ എന്നാണ് HoABLചെയര്‍മാന്‍ അഭിനന്ദന്‍ ലോധ വിശേഷിപ്പിച്ചത്. ബച്ചനെ ആദ്യത്തെ പൗരനായി വരവേല്‍ക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ലോധ പറഞ്ഞു. രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്.