മൊബൈല്‍ ഡീലുകള്‍ സംബന്ധിച്ച പരസ്യ വിവാദത്തില്‍ അമിതാഭ് ബച്ചനും ഫ്‌ലിപ്പ്കാര്‍ട്ടിനും കുരുക്ക്

ദില്ലി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ലിപ്കാര്‍ട്ടിന്റെ മൊബൈല്‍ ഡീലുകള്‍ സംബന്ധിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അമിതാഭ് ബച്ചനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇള്‍ ഇന്ത്യാ ട്രേഡേഴ്സ്സ് (സിഎഐടി) കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോററ്റിയില്‍ പരാതി നല്‍കി. ചെറുകിട വ്യാപാരികളുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്നതാണ് പ്രസ്തു പരസ്യമെന്നും, അതില്‍ നിന്നും അമിതാഭ് ബച്ചന്‍ പിന്മാറണമെന്നും, പ്രസ്തുത പരസ്യ ചിത്രം പിന്‍വലിക്കണമെന്നും ദേശീയ പ്രസിഡന്റ് ബിസി ഭാര്‍ട്ടിയ, ദേശീയ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍, ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് ദേശീയ പ്രവര്‍ത്തക സമിതി അംഗം പി. വെങ്കിട്ടരാമ അയ്യര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.

എട്ട് കോടിയിലധികം വരുന്ന ചെറുകിട വ്യാപാരികളെ ഒന്നടങ്കം അപമാനിച്ച നിലപാട് അദ്ദേഹം പരസ്യമായി തിരുത്തണമെന്നും അവര്‍ പറഞ്ഞു. ബച്ചന്റെ പരസ്യം ഉപജീവനത്തെ ബാധിക്കുന്നുവെന്നും പ്രാദേശിക ബിസിനസുകളെ ദ്രോഹിക്കുന്നുവെന്നും പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിക്കുമെന്നും വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു. ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നായക നടന്‍ രാജ്യത്തെ എട്ട് കോടിയില്‍ പരം പാവപ്പെട്ട ചെറുകിട വ്യാപാരികളുടെ വില്ലനാകുന്ന പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

അദ്ദേഹം തെറ്റ് തിരുത്താത്ത് പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും മുംബൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലുള്‍പ്പെടെ പ്രതിഷേധ ജ്വാലകള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. അതേ സമയം ഒക്ടോബര്‍ 8 മുതല്‍ 15വരെ നടക്കുന്ന ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സിനോട് അനുബന്ധിച്ചാണ് വിവാദ പരസ്യം ഇറക്കിയത്. ഫ്‌ലിപ്പ്കാര്‍ട്ട് അവരുടെ യൂട്യൂബ് അക്കൌണ്ടില്‍ ഇറക്കിയ നിരവധി പരസ്യങ്ങളില്‍ ഒന്നാണ് ഈ പരസ്യവും. എന്നാല്‍ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഈ പരസ്യം ഫ്‌ലിപ്പ്കാര്‍ട്ട് നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും കോണ്‍ഫെഡറേഷന്‍ ഓഫ് ഇള്‍ ഇന്ത്യാ ട്രേഡേഴ്‌സ് പരാതിയുമായി മുന്നോട്ട് പോകുന്നുവെന്നാണ് വിവരം.

Top