വയനാട് എവിടെയാ ? ദേശീയ തലത്തിലും പടരുന്ന വിവാദം, നേട്ടമാക്കാനും നീക്കം

മുസ്‌ലിം ലീഗിനെ വൈറസെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചതിനു പിന്നാലെ വയനാട് പാക്കിസ്ഥാനിലോ എന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ അവഹേളനത്തേയും രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്.

മുസ്‌ലിം ലീഗിന്റെ ഹരിത പതാകയെ പാക്കിസ്ഥാന്‍ പതാകയുമായി താരതമ്യം ചെയ്താണ് നാഗ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അമിത്ഷായുടെ വര്‍ഗീയ പരാമര്‍ശം. ‘ഒരു ഘോഷയാത്ര നടന്നപ്പോള്‍ അത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല’ എന്നായിരുന്നു അമിത്ഷായുടെ വാക്കുകള്‍.

ഏപ്രില്‍ നാലിന് വയനാട്ടില്‍ രാഹുല്‍ പത്രികനല്‍കാനെത്തിയപ്പോള്‍ നടത്തിയ റോഡ് ഷോയില്‍ ലീഗിന്റെ കൊടികളും ഉയര്‍ന്നിരുന്നു. ഇത് പാക്കിസ്ഥാന്‍ പതാകയാണെന്ന് സംഘപരിവാര്‍ പ്രചരണവും നടത്തി. ഈ വാദമുയര്‍ത്തിയാണ് അമിത്ഷായുടെയും വിവാദപരാമര്‍ശം.’ സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താന്‍ ഈ രാഹുല്‍ബാബ കേരളത്തിലേക്കു പോയി അവിടെ ഒരു സീറ്റില്‍ മത്സരിക്കുകയാണ്. അവിടെ ഘോഷയാത്ര നടന്നപ്പോള്‍ ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലാണോ ഇത് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവുന്നില്ല’ ഇങ്ങനെയായിരുന്നു അമിത്ഷായുടെ പരിഹാസം.

രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെ മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഈ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.കോണ്‍ഗ്രസും യോഗി ആദിത്യനാദിനെ വിമര്‍ശിച്ച് ശക്തമായി രംഗത്ത് വരികയുണ്ടായി. യോഗിയുടെ പരാമര്‍ശത്തില്‍ പ്രകോപിതരായ ലീഗ് പ്രവര്‍ത്തകര്‍ സകല ശക്തിയുമുപയോഗിച്ചാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട്ടില്‍ ഇപ്പോള്‍ പ്രചരണത്തിന് ഇറങ്ങിയിരുക്കുന്നത്. ഈ സാഹചര്യത്തിലാണ് അമിത്ഷായുടെ പരിഹാസം

പാക്കിസ്ഥാന്‍ മുസ്ലീം ലീഗിന്റെ പതാകയുമായി ലീഗ് പതാകയ്ക്ക് വ്യക്തമായ സാമ്യമുണ്ട്.അത് പോലെ തന്നെ ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫിന്റെ പതാക പാക്കിസ്ഥാന്‍ ദേശീയ പതാകയെ ഓര്‍മപ്പെടുത്തുന്നതുമാണ്. ഈ സാദൃശ്യം ഉത്തരേന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഇതിനകം തന്നെ തെറ്റിധാരണക്കിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യമാണ് ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും മുതലെടുക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുവോട്ടുകളുടെ ഏകീകരണമാണ് കാവി പട ലക്ഷ്യമിടുന്നത്.

മുസ്‌ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് വയനാട്.വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമാവുമ്പോള്‍ മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തൊട്ടുതാഴെയുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട് നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളില്‍ മുസ്ലീം വിഭാഗമാണ് കൂടുതല്‍. ഹിന്ദുക്കള്‍ രണ്ടാമതും ക്രിസ്ത്യന്‍ വിഭാഗം മൂന്നാമതുമാണ്.

അമിത്ഷായുടെയും യോഗി ആദിത്യനാഥിന്റെയും വര്‍ഗീയ പരാമര്‍ശങ്ങള്‍ പ്രചരണായുധമാക്കി ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് ഇവിടെ പയറ്റുന്നത്. കത്തോലിക്കാ സഭാ നേതൃത്വവും പ്രമുഖ മുസ്‌ലിം സമുദായ സംഘടനകളും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.അമിത്ഷായുടെയും യോഗിയുടെയും അവഹേളത്തിന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശ് നല്‍കരുതെന്ന പ്രചരണമാണ് വ്യാപകമായി നടക്കുന്നത്.

രാഹുല്‍ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ താമര ചിഹ്നത്തില്‍ നിര്‍ത്താതെ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതിനെതിരെ സംസ്ഥാന ബി.ജെ.പിക്കും കടുത്ത അമര്‍ഷമുണ്ട്. വയനാട്ടില്‍ സിനിമാതാരം സുരേഷ്‌ഗോപിയെ മത്സരിപ്പിക്കാനാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ സുരേഷ്‌ഗോപിയെ തൃശൂരില്‍ മത്സരിപ്പിച്ച് തുഷാറിനെ വയനാട് സ്ഥാനാര്‍ത്ഥിയാക്കിയത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നേരിട്ടായിരുന്നു. തുഷാര്‍ വയനാട് സ്ഥാനാര്‍ത്ഥിയെന്ന് അമിത്ഷാ ട്വീറ്റ് ചെയ്തപ്പോഴാണ് ബി.ജെ.പി സംസ്ഥാന നേതാക്കളടക്കം അറിയുന്നത് തന്നെ.

പോളിങ് ശതമാനം 95 ശതമാനമാക്കി ഉയര്‍ത്തി രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷത്തിനു മുകളിലാക്കാനുള്ള പ്രചരണമാണ് യു.ഡി.എഫ് നടത്തുന്നത്. എ.ഐ.സി.സി നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

അതേസമയം തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട്ടില്‍ കാര്യമായ ചലനമൊന്നും ഇതുവരെ ഉണ്ടാക്കാനായിട്ടില്ല. എസ്.എന്‍.ഡി.പിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലമാണ് വയനാട്. നിലവിലെ എസ്.എന്‍.ഡിപി പ്രവര്‍ത്തകര്‍പോലും വ്യക്തമായ രാഷ്ട്രീയമുള്ളവരാണ്. ഇവരുടെ വോട്ട് തുഷാറിന് വീഴില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. തുഷാറിന് കനത്ത പരാജയമുണ്ടായാല്‍ അത് അമിത്ഷായക്കും യോഗി ആദിത്യനാഥിനുമുള്ള വയനാടിന്റെ മറുപടി കൂടിയാകും.

ഇടതുപക്ഷമാകട്ടെ സ്ഥാനാര്‍ത്ഥി സുനീറിനു വേണ്ടി കേഡര്‍ സംവിധാനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയുള്ള പ്രചരണമാണ് നടത്തുന്നത്.വീടുകളില്‍ കയറിയുള്ള പ്രചരണത്തിനാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രാധാന്യം കൊടുക്കുന്നത്. മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക ശ്രദ്ധ തന്നെ വയനാടിന്റെ കാര്യത്തില്‍ കൊടുക്കുന്നുണ്ട്.

കഴിഞ്ഞ തവണ 19,053 വോട്ടിന് മാത്രമാണ് യു.ഡി.എഫ് ഇവിടെ നിന്നും വിജയിച്ചത്. ഇതാണ് ഇടതു പ്രതീക്ഷയുടെ അടിസ്ഥാനം. എന്നാല്‍ അന്ന് സംഭവിച്ചത് സിറ്റിംഗ് എം.പിയോടുള്ള അസംതൃപ്തിയായിരുന്നു എന്ന കാരണമാണ് ലീഗ് – കോണ്‍ഗ്രസ്സ് നേതാക്കളുയര്‍ത്തുന്ന വാദം. 2009 ലെ തെരഞ്ഞെടുപ്പിന്റെ ഇരട്ടി അതായത് മൂന്ന് ലക്ഷത്തോളം വോട്ടിന്റെ വര്‍ദ്ധനയാണ് യു.ഡി.എഫ് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

Top