പശ്ചിമ ബംഗാളില്‍ വിഭജന രാഷ്ട്രീയത്തിന് യാതൊരു സ്ഥാനവുമില്ല ; അമിത് ഷായോട് മമതാ ബാനര്‍ജി

mamatha-amithshah-news

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വിഭജന രാഷ്ട്രീയത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാവരേയും ഞങ്ങളുടെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടുത്തെ ജനങ്ങളുടെ ആദിത്ഥ്യം എല്ലാവര്‍ക്കുമാസ്വദിക്കാം, പക്ഷെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കൊണ്ടാരും വരരുത്, അതിവിടെ വിലപ്പോവില്ലന്നും മമത പറഞ്ഞു.

തന്റെ വോട്ടു വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി നുഴഞ്ഞു കയറ്റക്കാരെ സംസ്ഥാനത്ത് പിടിച്ചു നിര്‍ത്തുകയാണെന്ന അമിത് ഷായുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മമത.

വിഭജന രാഷ്ട്രീയത്തിന്റെ മതം ഇവിടെ പ്രചരിപ്പിക്കരുത്. ദയവു ചെയ്ത് ജനങ്ങളുടെ കെട്ടുറപ്പിന് വിള്ളല്‍ വീഴ്ത്താനും ശ്രമിക്കരുത്, വ്യത്യസ്ഥ മതവിഭാഗങ്ങളിലെ നേതാക്കളെ ബഹുമാനിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. അത് ഒരിക്കലും നഷ്ടപ്പെടുത്താനാവില്ലന്നും മമത അറിയിച്ചു.

കഴിഞ്ഞ വാരം ഡല്‍ഹിയിലെത്തിയ മമത അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. അസം പൗരത്വ പട്ടികയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുകയും ഒഴിവാക്കപ്പെട്ട ഭൂരിഭാഗം പേരും അവിടുത്തെ വോട്ടര്‍മാരാണെന്നും മമത അമിത് ഷായോട് പറഞ്ഞിരുന്നു.

Top