മുസ്ലിം വിരുദ്ധമല്ല ; മഹാത്മാഗാന്ധിയുടെ നിർദേശത്തിന്റെ സാക്ഷാത്കാരമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി : പൗരത്വ ഭേഭഗതി ബിൽ മുസ്ലിം വിരുദ്ധമല്ലെന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നിർദേശത്തിന്റെ സാക്ഷാത്കാരം ആണെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ.

ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിനാലാണ് ബില്‍ കൊണ്ടു വന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ അരക്ഷിതരായിരിക്കുമെന്ന വാദം വിശ്വസിക്കാനാവില്ലെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ അമിത് ഷാ വ്യക്തമാക്കി.

105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ബില്ലിനെ ലോക്‌സഭയിൽ അനുകൂലിച്ച ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. തങ്ങൾ ഉന്നയിച്ച ആശങ്കൾക്ക് മറുപടി നൽകാൻ സർക്കാരിന് സാധിക്കാത്തത് കൊണ്ടാണ് സഭയിൽ നിന്ന് ഇറങ്ങിപ്പോയത് എന്നായിരുന്നു ശിവസേന അംഗങ്ങളുടെ പ്രതികരണം.

നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

Top