സ്വത്തില്‍ 16,000 മടങ്ങ് വര്‍ദ്ധന: ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ഷായുടെ മകന്‍ കേസ് നല്‍കി

ന്യൂഡല്‍ഹി: തന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വര്‍ദ്ധിച്ചെന്ന വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ അമിത് ഷായുടെ മകന്‍ ജയ് ഷാ മാനനഷ്ടക്കേസ് നല്‍കി.

റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു. വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാദ്ധ്യമത്തിലെ എഡിറ്ററടക്കം ഏഴ് പേര്‍ 100 കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയിലാണ് ജയ് ഷാ പരാതി നല്‍കിയത്. എന്നാല്‍ തങ്ങള്‍ നല്‍കിയ വാര്‍ത്തയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഓണ്‍ലൈന്‍ മാദ്ധ്യമത്തിലെ അധികൃതര്‍ പറയുന്നത്.

ഓണ്‍ലൈന്‍ മാദ്ധ്യമസ്ഥാപനമായ ‘ദ വയര്‍’ ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ‘ടെമ്പിള്‍ എന്റര്‍പ്രസൈസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ വരുമാനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 80.5 കോടി രൂപയായി ഉയര്‍ന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ജയ് ഷായുടെ സ്വത്തിലുണ്ടായ വളര്‍ച്ചയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി.

ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രത്യേക സമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ നോട്ട് അസാധുവാക്കലിന്റെ ഗുണഭോക്താവിനെ കണ്ടെത്തിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. സംഭവത്തില്‍ അമിത് ഷായെയും ചോദ്യം ചെയ്യണമെന്ന് എ.എ.പി ആവശ്യപ്പെട്ടു.

അതേസമയം ആരോപണം ഡല്‍ഹിയില്‍ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ തള്ളി.

Top