ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളെ ലക്ഷ്യമിട്ട് അമിത് ഷായുടെ കരുനീക്കം

നിയമസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി കോൺഗ്രസ്സിനെ ലക്ഷ്യമിട്ട് ബി.ജെ.പി കരുനീക്കം.കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിൽ കോൺഗ്രസ്സ് ജനപ്രതിനിധികളെ ഉൾപ്പെടെയാണ് നിലവിൽ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. ക്രൈസ്തവ മത മേലദ്ധ്യക്ഷൻമാരെ വരുതിയിലാക്കാൻ കേന്ദ്രമന്ത്രിമാരെ തന്നെ രംഗത്തിറക്കാനും കാവിപ്പടക്ക് നീക്കമുണ്ട്. എം.പി കൂടിയായ പ്രമുഖ കോൺഗ്രസ്സ് നേതാവാണ് ബി.ജെ.പിയുടെ പ്രധാന ഉന്നം, തിരഞ്ഞെടുപ്പിലെ വിധി എന്തായാലും കേന്ദ്രത്തിൽ പരിഗണന ഉറപ്പ് നൽകി ഒപ്പം കൂട്ടാനാണ് ശ്രമം. മുൻ സംസ്ഥാന മന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളും ബി.ജെ.പിയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.

ഇത്തവണയല്ല, അടുത്ത തവണയാണ് കേരളത്തെ പ്രധാനമായും ബി.ജെ.പി ടാർഗറ്റ് ചെയ്യുന്നത്. അതിന് കളമൊരുക്കാൻ ഇത്തവണ,വോട്ട് ശതമാനവും സീറ്റുകളും ഉയർത്താനാണ് ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ലങ്കിലും, വോട്ട് ശതമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞതായാണ് ബി.ജെ.പി വിലയിരുത്തുന്നത്.ഇതിന് അനുസരിച്ചുള്ള മാസ്റ്റർ പ്ലാനാണ് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും ബി.ജെ.പി കൊണ്ടു വരുന്നത്.പ്രധാനമായും15 നിയമസഭ സീറ്റുകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം.കേന്ദ്ര നേതൃത്തിന്റെ വലിയ സഹായവും ഈ മണ്ഡലങ്ങളിൽ ഉണ്ടാകും. ത്രിപുര മോഡൽ പരീക്ഷണമാണ് ബി.ജെ.പി കേരളത്തിലും ലക്ഷ്യമിടുന്നത്. മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസ്സിന്റെ നേതാക്കളെ ഒന്നടങ്കം ബി.ജെ.പിയിലേക്ക് അടർത്തിമാറ്റിയാണ് ത്രിപുരയിൽ ബി.ജെ.പി, ഭരണം പിടിച്ചിരുന്നത്.

സമാന സാഹചര്യമാണ് കേരളത്തിലും അവർ സ്വപ്നം കാണുന്നത്. അധികാരം ഇല്ലാതെ, അധികകാലം കോൺഗ്രസ്സ് നേതാക്കൾക്ക് നിലനിൽക്കാൻ കഴിയില്ലന്നത് ഒരു യാഥാർത്ഥ്യമാണ്. കോൺഗ്രസ്സിന്റെ  ഈ ദൗർബല്യമാണ്, രാജ്യത്ത് ബി.ജെ.പിയുടെ വളർച്ചക്കും വഴിമരുന്നിട്ടിരിക്കുന്നത്. ഗോവയിലും, കർണ്ണാടകയിലും, മധ്യപ്രദേശിലും, കിട്ടിയ ഭരണം പോലും കോൺഗ്രസ്സിന് കൈവിട്ട് പോയതും നേതാക്കളുടെ അധികാരകൊതി ഒന്നുകൊണ്ടു മാത്രമാണ്. പണചാക്കും മന്ത്രി പദവിയും ഓഫർ ചെയ്താൽ ഏത് ഉന്നത കോൺഗ്രസ്സ് നേതാവും കാവിയണിയും. അതാണ് രാജ്യത്തെ കോൺഗ്രസ്സിന്റെ നിലവിലെ അവസ്ഥ. ഇത്തവണ കേരളത്തിൽ ഭരണം കിട്ടിയില്ലങ്കിൽ കേരളത്തിലും കോൺഗ്രസ്സിനെ പിളർത്താൻ ബി.ജെ.പിക്ക് എളുപ്പത്തിൽ കഴിയും. തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ തന്നെ നേതാക്കളിൽ ചിലരിൽ ഉലച്ചിൽ തുടങ്ങിയിട്ടുണ്ട്.

കോൺഗ്രസ്സ് മുൻ എം.എൽ.എ അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കി വലിയ പരിഗണന ബി.ജെ.പി നൽകിയതും, കോൺഗ്രസ്സ് നേതാക്കളെ പ്രലോഭിപ്പിക്കാനാണ്. യു.ഡി.എഫിന് ഭരണം കിട്ടില്ലന്ന് ഉറപ്പായാൽ, ബി.ജെ.പിക്ക് എളുപ്പത്തിൽ കോൺഗ്രസ്സ് നേതാക്കളെ റാഞ്ചാൻ കഴിയുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം,പ്രത്യേക ശ്രദ്ധ തന്നെ കേരളത്തിൽ വേണമെന്ന്, ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ആർ.എസ്.എസും ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.എസ്.എസിന് രാജ്യത്ത് തന്നെ ഏറ്റവും അധികം ശാഖകളും ബലിദാനികളുമുള്ളത് കേരളത്തിലാണ്. എന്നിട്ടും ഒരു എം.എൽ.എക്ക് അപ്പുറം ഒരു വളർച്ച ഇതുവരെ ബി.ജെ.പിക്ക് ഈ മണ്ണിൽ സാധ്യമായിട്ടില്ല.

ഇതിന് ഒരു മാറ്റം വരണമെന്നാണ് സംഘപരിവാർ സംഘടനകൾ ആഗ്രഹിക്കുന്നത്.2021 ലെ തിരഞ്ഞെടുപ്പ് അതിന് തുടക്കമാകുമെന്നും, 2026-ൽ കേരള ഭരണം പിടിക്കുമെന്നുമാണ് പരിവാർ നേതൃത്വം അവകാശപ്പെടുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഭരണം പിടിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. തമിഴ് നാട്ടിൽ രജനീകാന്തിനെ മുൻ നിർത്തി മറ്റൊരു അട്ടിമറി വിജയവും കാവിപ്പട പ്രതീക്ഷിക്കുന്നുണ്ട്.ഇതിന് സമാനമായ ഒരു മുന്നേറ്റം കേരളത്തിലും ഉണ്ടാക്കണമെന്നതാണ് ആർ.എസ്.എസിന്റെ ആഗ്രഹം. ഇതിന് പ്രധാന തടസ്സമായി ആർ.എസ്.എസ് കാണുന്നത് കമ്യൂണിസ്റ്റുകളെയാണ്. ഇടതുപക്ഷത്തെ ഹൈന്ദവ വോട്ട് ബാങ്ക് പിളർത്തുക എളുപ്പമല്ലാത്തതിനാലാണ് കോൺഗ്രസ്സിനെ ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്.

സി.പി.എം – എൻ.ഡി.എ മത്സരമായി കേരളത്തിലെ രാഷ്ട്രീയ പോരാട്ടം മാറണമെന്നതാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്.2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയും ബി.ജെ.പി സ്വപ്നം കാണുന്നുണ്ട്. അതായത് വീണ്ടും ഒരു അഞ്ചു വർഷം കൂടി കാത്ത് നിൽക്കാതെ മറ്റാരു തിരഞ്ഞെടുപ്പോ ഗവർണ്ണർ ഭരണമോ വരണമെന്നാണ് ആഗ്രഹം.ഗവർണ്ണറുടെ ഇപ്പോഴത്തെ ഇടപെടൽ തന്നെ ഭരണഘടനാവിരുദ്ധമാണ്.നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ നിരാകരിച്ചത് തെറ്റായ കീഴ്‌വഴക്കമാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്. നിയമസഭ ചേരാൻ തീരുമാനിക്കേണ്ടത്‌ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്‌. നിയമസഭയുടെ കാര്യപരിപാടികൾ നോക്കുന്നതിന് പ്രത്യേക സമിതിയുമുണ്ട്. അവരാണ് അക്കാര്യങ്ങളെല്ലാം നോക്കേണ്ടത്.സർക്കാറിന്റെ നിയമനിർമ്മാണങ്ങളും, ജനകീയ വിഷയങ്ങളും ചർച്ചചെയ്യാനാണ് നിയമസഭ.

നിയമസഭയിയിൽ എന്തുചെയ്യാൻ പോകുകയാണെന്ന്‌, ഗവർണറേ അറിയിക്കേണ്ട കാര്യമേയില്ല. ഇക്കാര്യം തന്നെയാണ് സി.പി.എമ്മും ചൂണ്ടിക്കാട്ടുന്നത്.ഗവർണ്ണറുടെ നടപടി കേന്ദ്ര ഇടപെടൽ മൂലമാണെന്നാണ് ഭരണപക്ഷം സംശയിക്കുന്നത്. വരും ദിവസങ്ങളിൽ ഗവർണറും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകാനും സാധ്യതയുണ്ട്. ബംഗാളിലെ പോലെ, ഗവർണറെ മുൻ നിർത്തി ബി.ജെ.പി രാഷ്ട്രീയ നീക്കങ്ങളാണ് നടത്തുന്നതെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു. ഗവർണറുടെ നടപടിയെ പിന്തുണച്ച് ബി.ജെ.പി രംഗത്ത് വന്നതാണ് ഈ സംശയത്തിന് ആധാരം.ആർ.എസ്.എസ് നേതൃത്വത്തെയും ഗവർണറുടെ ഇടപെടൽ ഇപ്പോൾ സന്തോഷിപ്പിച്ചിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിൽ, സി.പി.എം സ്ഥാനാർത്ഥികളെ തിരഞ്ഞ് പിടിച്ച് തോൽപ്പിക്കാനും, ഇത്തവണ ആർ.എസ്.എസ് ഇടപെടലുണ്ടാകും. ഇതിനായി വലിയ പദ്ധതികളാണ് സംഘപരിവാർ സംഘടനകൾ ആവിഷ്ക്കരിച്ചിരിക്കുന്നത്.കേന്ദ്ര ഏജൻസികളെ മുൻ നിർത്തി സർക്കാറിനെയും ഇടതുപക്ഷത്തെയും, പ്രതിരോധത്തിലാക്കാൻ ശ്രമിച്ചതും രാഷ്ട്രീയ താൽപ്പര്യം മുൻ നിർത്തിയാണ്. ഇടതുപക്ഷത്തിനെതിരെ ബദൽ, ബി.ജെ.പിയും എൻ.ഡി.എയും ആണെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം.യു.ഡി.എഫ് വോട്ട് ബാങ്കിൽ ചെറിയ വിള്ളൽ വീഴ്ത്താൻ ഈ പ്രചരണം ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ കടന്ന് കയറ്റത്തിലെ ഭയം ഷിബു ബേബി ജോണിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രതികരണത്തിൽ തന്നെ വ്യക്തവുമാണ്.

അന്ധമായ പിണറായി വിരോധത്താൽ ബി.ജെ.പി ആരോപണങ്ങൾ ഏറ്റെടുത്തതിന് ലഭിച്ച തിരിച്ചടിയാണിത്. കേന്ദ്ര ഏജൻസികൾ സർക്കാറിനെതിരെ വാളോങ്ങിയപ്പോൾ, അതിനെ കയ്യടിച്ച് പോത്സാഹിപ്പിച്ചതിൽ പ്രമുഖൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. യു.ഡി.എഫ് എന്ന കപ്പലിനെയാണ് ഈ ‘കപ്പിത്താൻ’ തന്നെ മുക്കാൻ ശ്രമിക്കുന്നത്.അതിന്, തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ആദ്യ പ്രഹരം കിട്ടി കഴിഞ്ഞു. അടുത്തത് നിയമസഭ തിരഞ്ഞെടുപ്പാണ്, ഇതിൽ കൂടി പ്രഹരമേറ്റാൽ യു.ഡി.എഫ് കപ്പൽ ടൈറ്റാനിക്ക് പോലെ മുങ്ങി തുടങ്ങും. ആ സന്ദർഭത്തിൽ ആദ്യം രക്ഷപ്പെടാൻ, കാവിപ്പടയുടെ കപ്പലിലേക്ക് ചാടി കയറുന്നതും ഈ കപ്പിത്താൻ തന്നെ ആയിരിക്കും. പിണറായിയെ സംഘിയാക്കാൻ മത്സരിക്കുന്നവർ, ഇക്കാര്യം കൂടി മുൻകൂട്ടി കാണുന്നതും, നല്ലതായിരിക്കും.

Top