വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ അമിത് ഷായ്ക്ക് അനുമതി നിഷേധിച്ച് മമത

mamatha-amithshah-news

കൊല്‍ക്കത്ത : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപറ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ച് മമത സര്‍ക്കാര്‍. ചൊവ്വാഴ്ച നടക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്.

മാള്‍ഡ് വിമാനത്താവളത്തിലെ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാനായിരുന്നു അനുമതി തേടിയത്. എന്നാല്‍ ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാണ് ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. മാള്‍ഡ വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് വിശദീകരണം.

അറ്റകുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട മണലും മറ്റ് സാധനങ്ങളും റണ്‍വേയിലുള്ളതിനാല്‍ വിമാനത്തിന് സുരക്ഷിതമായി ഇറങ്ങാന്‍ ഹെലിപാഡുകള്‍ ഒരുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ ഇതേ ഹെലിപാഡില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മമത ബാനര്‍ജി ഹെലികോപ്ടറില്‍ ഇറങ്ങിയെന്നാണ് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ആരോപിക്കുന്നത്. വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ ഒന്നും നടക്കുന്നില്ലെന്നും മമതയുടെ അധികാരം അവര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും
അദ്ദേഹം പറഞ്ഞു.

‘ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവിടെ ചില സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. മറ്റ് എവിടെയെങ്കിലും ഹെലികോപ്ടര്‍ ഇറക്കാന്‍ പൊലീസ്‌ ആവശ്യപ്പെട്ടു. അവരുടെ ആവശ്യപ്രകാരം ഞാനും എന്റെ ഹെലികോപ്ടര്‍ മറ്റൊരിടത്ത് ഇറക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് – സംഭവത്തില്‍ മമത ബാനര്‍ജി പ്രതികരിച്ചു.

Top