ഇടഞ്ഞു തന്നെ; ജാട്ട് സമുദായത്തെ വരുതിയിലാക്കാനുള്ള അമിത് ഷായുടെ ശ്രമം പാളി

ലക്‌നൗ: ബി.ജെ.പിയോട് ഇടഞ്ഞു നില്‍ക്കുന്ന ജാട്ട് സമുദായത്തെ വരുതിയിലാക്കാനുള്ള അമിത് ഷായുടെ ശ്രമം പാളി. എസ്.പി.സഖ്യത്തില്‍ നിന്നും ആര്‍.എല്‍.ഡിയെ അടര്‍ത്തിയെടുക്കാനുള്ള ബി.ജെ.പി നീക്കം വിജയിച്ചില്ല. കര്‍ഷക പ്രക്ഷോഭത്തോടെയാണ് ജാട്ട് സമുദായവും ബി.ജെ.പിയും രണ്ട് തട്ടിലായത്.

എസ്.പി.സഖ്യം വേര്‍പെടുത്തി ബി.ജെ.പി മുന്നണിയിലേക്ക് എത്താന്‍ പര്‍വേശ് വേര്‍മ എം.പി ജയന്ത് ചൗധരിയോട് ആവശ്യപ്പെട്ടത് അമിത് ഷായുടെ നിര്‍ദേശ പ്രകാരമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സഖ്യ സാധ്യത തുടരുമെന്ന് ആര്‍.എല്‍.ഡിയ്ക്ക് എം.പി ഉറപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യം വച്ചാണ് ബി.ജെ.പി തന്ത്രം ആവിഷ്‌കരിച്ചത്.

അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ രാഷ്ട്രീയ ലോക്ദളും സമാജ് വാദി പാര്‍ട്ടിയും ഒരേ വേദിയില്‍ അണിനിരക്കും. അഖിലേഷ് യാദവും ജയ്ന്ത് ചൗധരിയും മുസാഫിര്‍ നഗറില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമിച്ച് വാര്‍ത്താ സമ്മേളനം നടത്തും.

പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം തേടിയ ശേഷം പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി ജലന്ധറില്‍ അറിയിച്ചു. തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി ചരണ്‍ സിംഗ് ചന്നിയും പിസിസി അധ്യക്ഷന്‍ നവജ്യോത് സിദ്ദുവും രാഹുല്‍ ഗാന്ധിക്ക് ഉറപ്പ് നല്‍കി.

Top