കൊറോണക്കാലത്ത് ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കിയത് 11 കോടി ജനങ്ങള്‍ക്കെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം 11 കോടിയിലേറെ ജനങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒഡിഷ ജന്‍ സംവദ് വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകായിരുന്നു അമിത് ഷാ. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും പരിപാടിയില്‍ പങ്കെടുത്തു.

11 കോടിയിലേറെ ജനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കി. കോടിക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് ഭക്ഷണം നല്‍കിയത്. ഇക്കാര്യത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് നന്ദി പറയുകയാണ്. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. അധ്യക്ഷനെയും പ്രവര്‍ത്തകരെയുമെല്ലാം അഭിനന്ദിക്കുന്നു. രാഷ്ട്രീയം കൊണ്ട് മാത്രമല്ല ബിജെപി അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കാനാണ് ജന സംവദ് സംഘടിപ്പിക്കുന്നത്. കൊറോണവൈറസ് മനുഷ്യത്വത്തിന് ഭീഷണിയാണ്. സാമൂഹിക അകലം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മോട് ആഹ്വാനം ചെയ്തു. എന്നാല്‍, ജനങ്ങളുമായുള്ള ബിജെപിയുടെ ബന്ധത്തിന് അകലമില്ലെന്നും അമിത് ഷാ പറഞ്ഞു.

Top