കേരളത്തില്‍ കമ്യൂണിസ്റ്റുകാർ കൊലപ്പെടുത്തിയത് 120 ബിജെപി പ്രവർത്തകരെയെന്ന് അമിത് ഷാ

ന്യൂഡൽഹി : രാഷ്​ട്രീയ പകപോക്കലിന്റെ ഭാഗമായി കേരളത്തിലെ 120 ബി.ജെ.പി-ആർ.എസ്.എസ്​ പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍‍ കൊന്നെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനിടെ, ബിജെപി രാഷ്ട്രീയമായി പ്രതികാരം ചെയ്യുകയാണെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു ഷാ.

‘കേന്ദ്ര സർക്കാർ രാഷ്ട്രീയ പ്രതികാരമാണു നടപ്പാക്കുന്നതെന്നാണ് ഇടത് ആക്ഷേപം. ഇടതുപക്ഷത്തിന് രാഷ്ട്രീയ പകപോക്കലിനെ കുറിച്ച് സംസാരിക്കാൻ യാതൊരു അർഹതയുമില്ല. കേരളത്തിൽ 120ൽ അധികം ബിജെപി–ആർഎസ്എസ് പ്രവർത്തകരാണ് നിങ്ങളുടെ രാഷ്ട്രീയ പകപോക്കലിൽ കൊല്ലപ്പെട്ടത്. അതിന്റെ അന്വേഷണം പോലും എവിടെയുമെത്തിയിട്ടില്ല’– ഷാ പറഞ്ഞു.

രാഷ്ട്രീയ വൈരത്തിന് ഇരയായി ഒട്ടേറെ ഇടതു പ്രവർത്തകരാണു കൊല്ലപ്പെട്ടതെന്ന് ആരോപണം ഉയർന്നപ്പോൾ അത് കോൺഗ്രസും ഇടതുപക്ഷവും ഭരിക്കുമ്പോഴാണെന്നും എപ്പോഴും കൊല്ലപ്പെടുന്നത് ബിജെപി പ്രവർത്തകരാണെന്നും അമിത് ഷാ തിരിച്ചടിച്ചു.

എന്നാല്‍ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ഇടത് എം.പിമാര്‍ രംഗത്തെത്തി. ഇതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങുകയും ചെയ്തു. പിന്നാലെ അമിത്ഷായുടെ വാക്കുകള്‍ സഭാ രേഖയിലുണ്ടാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

Top