കശ്മീരിലെ പഹാഡി വിഭാ​ഗത്തിന് പട്ടികജാതി സംവരണം, നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ദില്ലി: ജമ്മുകശ്മീരിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജ്ജർ, ബകർവാൾ, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയിലുൾപ്പെടുത്തി സംവരണം നൽകുമെന്ന് അമിത് ഷാ പറഞ്ഞു. പഹാഡി വിഭാഗക്കാർക്ക് സംവരണം നൽകുകയാണെങ്കിൽ രാജ്യത്ത് ഭാഷാ അടിസ്ഥാനത്തിൽ സംവരണം നൽകുന്ന ആദ്യ നടപടിയായിരിക്കും അത്. 6 ലക്ഷത്തോളമാണ് പഹാഡി വിഭാഗക്കാരുടെ ജനസംഖ്യ. ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷായുടെ പ്രഖ്യാപനം.

ജമ്മു കശ്മീർ ലഫ് ഗവർണർ നിയോഗിച്ച സമിതിയാണ് മൂന്ന് വിഭാഗക്കാർക്കും സംവരണം നൽകണമെന്ന ശുപാർശ നൽകിയത്. ശുപാർശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തി, സമിതി നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കുമെന്നും അമിത് ഷാ രജൗരിയിൽ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയ്ക്ക് ന‌ടത്തിയ റാലിയെ രജൗരിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. പഹാഡി വിഭാഗത്തിലുള്ളവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമുൾപ്പടെയാണ് പട്ടികജാതി വിഭാ​ഗത്തിനുള്ള സംവരണം ലഭിക്കുക. സംവരണം നടപ്പാക്കുന്നതിന് കേന്ദ്രസർക്കാർ റിസർവേഷൻ നിയമത്തിൽ ഉടൻ ഭേദഗതി വരുത്തും. ലഫ്റ്റനന്റ് ഗവർണർ ചുമതലപ്പെടുത്തിയ കമ്മീഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് അയച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, പഹാഡി എന്നിവർക്കെല്ലാം അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

Top