നിരാഹാര സമരവുമായി ആരാധകർ; പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്തി ചർച്ച നടത്തും

പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറിയ രജനികാന്തിൻ്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്തി ചർച്ച നടത്തും. അടുത്താഴ്ചയാണ് അമിത് ഷാ ചെന്നൈയിലെത്തുക. അതേസമയം, രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിൻവലിക്കണമെന്ന് ആവശ്യപ്പട്ട് ആരാധകർ പ്രതിഷേധം ശക്തമാക്കുകയാണ്. ഞായറാഴ്ച മുതലാണ് ചെന്നൈ വള്ളുവർ കോട്ടത്ത് ആരാധകർ നിരാഹാര സമരത്തിനു തുടക്കമിടുക. രജനി മക്കൾ മന്‍ട്രം ഭാരവാഹികളും നിരാഹാരത്തിൽ പങ്കെടുക്കും. തമിഴ്നാടിൻ്റെ വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. പൊയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ ആരാധകരുടെ പ്രതിഷേധം ശക്തമായതോടെ ചെന്നൈ അതിർത്തിയിലുള്ള ഫാം ഹൗസിലേക്ക് കുടുംബത്തോടൊപ്പം മാറി താമസിക്കുകയായിരുന്നു. ബൂത്ത് തലത്തിൽ പ്രതിനിധികളെ തിരഞ്ഞെടുത്ത് താഴെ തട്ടിൽ പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രജനികാന്ത് പിൻമാറിയത്. ഗ്രാമീണ മേഖലയിൽ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ആരാധകർ വോട്ട് ചോദിച്ച് തുടങ്ങിയിരുന്നു.

Top