2024-ലെ തിരഞ്ഞെടുപ്പും മോദിയുടെ നേതൃത്വത്തില്‍ നേരിടുമെന്ന് അമിത് ഷാ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍തന്നെ ബിജെപി 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അമിത് ഷാ. ബിജെപിയുടെ ഏഴ് പോഷക സംഘടനകളുടെ സംയുക്ത ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മോദിയുടെ വ്യക്തി പ്രഭാവവും കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളും മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പോഷക സംഘടനകളെ ശക്തമാക്കാന്‍ അമിത് ഷാ അഭ്യര്‍ഥിച്ചു.

ബിഹാറിലേത് അടക്കമുള്ള ബിജെപിയുടെ എല്ലാ ഘടകകക്ഷികളും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒപ്പമുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ബിഹാറില്‍ ബിജെപിയും ജെഡിയുവും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെ നിതീഷ് കുമാറിന്റെ അടുത്ത രാഷ്ട്രീയ നീക്കം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് സിങ്ങിന്റെ പരാമര്‍ശം.

Top