അമിത് ഷാ ഭൂപേന്ദ്രയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു അമിത് ഷാ എത്തുമെന്നു സൂചന. തിങ്കളാഴ്ച ഗുജറാത്തിന്റെ പതിനേഴാം മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുമെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 2.20നാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ ഭൂപേന്ദ്ര പട്ടേലിനെ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ക്ഷണിച്ചിട്ടുള്ളത്.

മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭരണത്തില്‍ അവഗണിക്കപ്പെടുന്നതായി സമുദായത്തിനു പരാതിയുണ്ടായിരുന്നു. പട്ടേല്‍ വിഭാഗത്തിലെ കഡ്വ ഉപസമുദായ അംഗമാണു ഭൂപേന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താല്‍പര്യമുള്ളയാളാണ്. സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ ബിരുദധാരിയായ പട്ടേല്‍, അഹമ്മദാബാദ് വികസന അതോറിറ്റി ചെയര്‍മാനായിരുന്നു.

ഗുജറാത്തില്‍ ബിജെപിയുടെ അവസാന വാക്കായിരുന്ന അമിത് ഷായെ മറികടന്നാണു പട്ടേലിന്റെ നിയമനമെന്നു സംസാരമുണ്ട്. ഷാ ഇടപെട്ട് രാജിവയ്പിച്ച ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണു ഭൂപേന്ദ്ര എന്നതാണ് ഇതിനു കാരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

 

Top