ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശ്രീനഗറില്‍ എത്തും

amithshah

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശ്രീനഗറില്‍ എത്തും. മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ സുരക്ഷാവികസന വിഷയങ്ങള്‍ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും പ്രധാനമായും അമിത്ഷാ പങ്കെടുക്കുക. 370 ാം വകുപ്പ് പിന്‍വലിച്ചതിന് ശേഷം ആദ്യമായി എത്തുന്ന ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനാര്‍ത്ഥം കനത്ത സുരക്ഷയാണ് ജമ്മു കശ്മീരില്‍ എര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആഭ്യന്തരമന്ത്രി ഇന്നലെ നിലപാട് കൈക്കൊണ്ട സാഹചര്യത്തില്‍ കേവലം ഔദ്യോഗികമായത് എന്നതിലുപരി വലിയ മാനങ്ങള്‍ ഉള്ളതാണ് അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം.

ഗുപ്കര്‍ റോഡിലെ രാജ്ഭവനിലാണ് മുന്ന് ദിവസവും ആഭ്യന്തരമന്ത്രി താമസിയ്ക്കുക. ഇതിന്റെ ഭാഗമായി രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷയാണ് സംയുക്ത സേന ഒരുക്കിയിരിക്കുന്നത്. അമിത് ഷാ സന്ദര്‍ശനം നടത്തുന്ന ജവഹര്‍ നഗറിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അര്‍ധസൈനിക സേനയെ മേഖലയില്‍ വിന്യസിച്ചു. ഷാര്‍പ്പ് ഷൂട്ടര്‍മാരെയും സ്‌നൈപ്പര്‍മാരെയും നിയോഗിച്ചതിന് പുറമേ ഡ്രോണ്‍ നിരീക്ഷണ സംവിധാനങ്ങളും എര്‍പ്പെടുത്തി.

കശ്മീരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. കഴി!ഞ്ഞ ആഴ്ചകളില്‍ പതിനൊന്നോളം സാധാരണക്കാര്‍ ഇവിടെ ഭീകരവാദികളാല്‍ കൊല്ലപ്പെട്ടിരുന്നു. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. ശേഷം കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആഭ്യന്തര മന്ത്രി സന്ദര്‍ശിക്കും. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളുടെ വിലയിരുത്തലാണ് സന്ദര്‍ശന കാലത്തെ സുപ്രധാന ഔദ്യോഗിക പരിപാടി. വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി സാഹചര്യങ്ങള്‍ വിലയിരുത്തും.

Top