രാജാവിനെ സ്വാഗതം ചെയ്ത് അമിത് ഷാ; സിന്ധ്യയുടെ വരവ് ബിജെപിയ്ക്ക് ശക്തിയേകും!

ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസത്തിന് ശേഷം ജ്യോതിരാദിത്യ സിന്ധ്യയെ സ്വാഗതം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. ‘സിന്ധ്യാ ജിയെ കണ്ടു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ് മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാനുള്ള ബിജെപിയുടെ നിശ്ചയദാര്‍ഢ്യത്തിന് കൂടുതല്‍ ശക്തിയേകും’, ഷാ ട്വിറ്ററില്‍ പറഞ്ഞു.

സിന്ധ്യയെ ആലിംഗനം ചെയ്ത് ആശംസിക്കുന്ന ചിത്രവും അമിത് ഷാ പങ്കുവെച്ചു. കോണ്‍ഗ്രസില്‍ നിന്നും അപ്രതീക്ഷിതമായി രാജിവെച്ച സിന്ധ്യയുടെ നടപടി മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. തലസ്ഥാനമായ ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിലാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്.

ചൊവ്വാഴ്ച അമിത് ഷായയെും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ട ശേഷമാണ് സിന്ധ്യ 18 വര്‍ഷക്കാലമായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. ഈ കുടുംബത്തില്‍ സ്ഥാനം നല്‍കിയ പ്രധാനമന്ത്രിക്കും, ഷായ്ക്കും സിന്ധ്യ നന്ദി പറഞ്ഞു. ഒരു വര്‍ഷക്കാലമായി പാര്‍ട്ടിയില്‍ നേരിട്ട അസ്വസ്ഥതകള്‍ക്കൊടുവിലാണ് രാജിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സിന്ധ്യ വ്യക്തമാക്കി. ഇതിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചതിന് ശേഷം സിന്ധ്യയെ പുറത്താക്കിയെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

മധ്യപ്രദേശില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചത് ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ സിന്ധ്യയെ ഒഴിവാക്കി കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. സംസ്ഥാന പാര്‍ട്ടി അധ്യക്ഷ പദവി നല്‍കാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇതോടെ ഒരു വര്‍ഷത്തെ ഒതുക്കലില്‍ സഹിക്കെട്ടാണ് സിന്ധ്യ പുറത്തുപോയത്.

Top