‘ചുവപ്പ് ഡയറി’ വിവാദം; നാണമുണ്ടെങ്കിൽ അശോക് ഗെലോട്ട് രാജിവയ്ക്കണമെന്ന് അമിത് ഷാ

ജയ്പുർ : കോൺഗ്രസ് നേതാവ് രാജേന്ദ്ര സിങ് ഗുധയുടെ ‘ചുവപ്പു ഡയറി’ വിവാദം ഉയർത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാജി ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിൽ നടന്ന സഹകാർ കിസാൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ചടങ്ങിനിടെ ചിലർ മുദ്രാവാക്യം മുഴക്കിയതോടെ അമിത് ഷാ ‘ചുവപ്പു ഡയറി’ വിവാദം ഉയർത്തി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

‘‘മുദ്രാവാക്യം വിളിക്കാനായി കുറച്ചുപേരെ അയച്ചതുകൊണ്ട് പ്രത്യേകിച്ച് ഒന്നും നിങ്ങൾ നേടാൻ പോകുന്നില്ലെന്ന് അശോക് ഗെലോട്ടിനോട് പറയാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾക്കു നാണമുണ്ടെങ്കിൽ ‘ചുവപ്പു ഡയറി’ ആരോപണത്തിൽ രാജിവച്ചു തിരഞ്ഞെടുപ്പിനെ നേരിടണം. ചുവപ്പു നിറം കുറച്ചുനാളായി അശോക് ഗെലോട്ടിന് പേടിയാണ്. ഡയറിയുടെ നിറം ചുവപ്പാണ്. പക്ഷേ ചില ‘കറുത്ത പ്രവൃത്തികൾ’ അതിലൊളിഞ്ഞിരിപ്പുണ്ട്’’. കോടിക്കണക്കിനു രൂപയുടെ അഴിമതിയുടെ വിവരങ്ങൾ ചുവപ്പു ഡയറിയിലുണ്ടെന്നും അമിത് ഷാ പറഞ്ഞു.

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനു നാലുമാസം മാത്രം ശേഷിക്കെയാണു ജുൻജുനു ജില്ലയിലെ ഉദയ്പുർവതിയിൽനിന്നുള്ള എംഎൽഎ രാജേന്ദ്ര സിങ് ഗുധ നിയമസഭയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ‘വെളിപ്പെടുത്തലുള്ള’ ചുവന്ന പുറംചട്ടയുള്ള ഡയറി ഉയർത്തിക്കാണിച്ച് വിവാദം സൃഷ്ടിച്ചത്. ‘ചുവപ്പു ഡയറി’ നിയമസഭയിൽ ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള നാടകീയ രംഗങ്ങൾക്കും കാരണമായി. തുടർന്ന് എംഎൽഎയെ നിയമസഭയിൽനിന്ന് പുറത്താക്കി. തന്നെ മർദിച്ചെന്നും ചില കോൺഗ്രസ് നേതാക്കൾ തന്റെ കയ്യിൽനിന്ന് ഡയറി തട്ടിയെടുത്തെന്നും ഡയറിയിലെ ചില പേജുകൾ കീറിയെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാരിന്റെ പരാജയത്തെ കുറിച്ചുള്ള പരാമർശത്തെത്തുടർന്നു രാജേന്ദ്ര സിങ് ഗുധയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ‘ചുവപ്പു ഡയറി’ വെളിപ്പെടുത്തൽ.

Top