അ​മി​ത് ഷാ ​ഇ​ന്ന് അ​സ​മി​ല്‍; പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ പു​തു​ക്കി​യ ശേ​ഷ​മു​ള്ള ആ​ദ്യ സ​ന്ദ​ര്‍​ശ​നം

അസ്സം : ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും. നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ യോഗത്തിനായാണ് ആഭ്യന്തരമന്ത്രി ഗുവാഹത്തിയില്‍ എത്തുന്നത്.

ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയാണ് സന്ദര്‍ശനം. ദേശീയ പൗരത്വ രജിസ്റ്റർ തന്നെയാണ് പ്രധാന ചർച്ചാ വിഷയം. അസം മുഖ്യമന്ത്രി സർബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബിജെപി നേതാക്കളെയും നേരിൽ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തും.

ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം, അസം അക്കോഡിലെ 6ാം വകുപ്പ്, ബ്രൂ വിഭാഗങ്ങള്‍‍, വിവിധ വികസന പദ്ധതികള്‍ തുടങ്ങിയവയാണ് അജണ്ടയിലുള്ള ചര്‍ച്ച വിഷയങ്ങള്‍. ഒപ്പം മേഖലയിലെ സുരക്ഷ അവലോകനവും നടത്തും.

ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൗരത്വ പട്ടിക പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. നിയമപ്രകാരം ലഭ്യമായ എല്ലാ പരിഹാരമാര്‍ഗങ്ങളും ഉപയോഗിച്ച ശേഷമേ പട്ടികയില്‍ നിന്ന് പുറത്ത് പോയവരുടെ കാര്യത്തില്‍ തുടര്‍നീക്കമുണ്ടാകൂ എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഓ​ഗസ്റ്റ് 31 നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് കോടി 11 ലക്ഷം ആളുകള്‍ ഉൾപ്പെട്ട ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19 ലക്ഷത്തിലധികം ആളുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടത്.

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു

Top