നരേന്ദ്രമോദിയുടെ ജന്മദിനം: എയിംസ് ആശുപത്രി ശുചീകരിച്ച് അമിത് ഷായും നേതാക്കളും

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രി ശുചീകരിച്ചു. നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച ‘സേവാസപ്താഹം’ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്.

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയും അമിത് ഷായും മറ്റു നേതാക്കളും ചേര്‍ന്നാണ് ആശുപത്രിയുടെ നിലം തൂത്തുവാരിയത്. ഈ മാസം 17നാണ് മോദിയുടെ ജന്മദിനം. ഇതിന്റെ ഭാഗമായി സേവനവാരം ഉള്‍പ്പടെ ബിജെപി ഒരാഴ്ചത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് സേവാസപ്താഹത്തില്‍ പങ്കാളികളാകും. നമ്മുടെ പ്രധാനമന്ത്രി തന്റെ ജീവിതം മുഴുവന്‍ രാഷ്ട്രസേവനത്തിനായി സമര്‍പ്പിക്കുകയും ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനം തങ്ങള്‍ സേവാസപ്താഹമായി ആഘോഷിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Top