അയോധ്യയില്‍ കോണ്‍ഗ്രസിനെ കുത്തി അമിത് ഷാ; അവരുടെ ആര്‍ത്തിയാണ് കാരണം

യോധ്യ കേസ് ആയുധമാക്കി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യ കേസ് സുപ്രീംകോടതിയില്‍ തടയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നാണ് ബിജെപി അധ്യക്ഷന്റെ ആരോപണം. ദശകങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് പരമോന്നത കോടതി തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്.

‘രാജ്യത്ത് എല്ലാവരും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി കേസ് മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല’, ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ അമിത് ഷാ പ്രസ്താവിച്ചു. നവംബര്‍ 30 മുതലാണ് അഞ്ച് ഘട്ടങ്ങളായുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കമാകുക. ഇതാദ്യമായാണ് അയോധ്യ വിധിയില്‍ ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ സംസാരിക്കുന്നത്.

‘രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിച്ചത്. ആകാശം മുട്ടുന്ന മഹത്തായ ക്ഷേത്രം അവിടെ ഉയരും’, കോടതിവിധി ക്ഷേത്ര നിര്‍മ്മാണത്തിന് വഴിതുറന്നതായി കൂട്ടിച്ചേര്‍ത്ത് അമിത് ഷാ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന രീതിയിലാകണം ഈ തര്‍ക്കം അവസാനിക്കേണ്ടതെന്ന് തങ്ങളും ആഗ്രഹിച്ചിരുന്നതായി ഷാ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 70 വര്‍ഷക്കാലമായി വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള അത്യാര്‍ത്തി മൂലാണ് കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാതെ കോണ്‍ഗ്രസ് സൂക്ഷിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാരുകള്‍ ബാക്കിവെച്ച പ്രശ്‌നങ്ങളാണ് പ്രധാനമന്ത്രി ഒഴിവാക്കി വരുന്നതെന്നും ഷാ പറഞ്ഞു.

Top