ജെ.എന്‍.യു സംഭവം; ഡല്‍ഹി പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് തേടി അമിത് ഷാ

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികള്‍ക്കു നേരെ മുഖംമൂടി സംഘം രാത്രിയില്‍ നടത്തിയ അതിക്രൂര ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ സംഘടിത അക്രമത്തിനും കലാപത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ അമൂല്യ പട്നായ്ക്കിനോട് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോയിന്റ് കമ്മീഷ്ണര്‍ തലത്തില്‍ അന്വേഷണം നടത്തി എത്രയും വേഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിനോട് അമിത് ഷാ ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

അക്രമത്തിന് പിന്നാലെ ക്യാമ്പസിനുള്ളില്‍ വലിയ പ്രതിഷേധം അരങ്ങേറിയതോടെ അക്രമം അഴിച്ചുവിട്ട നാല് പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ജെ.എന്‍.യുവിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് ബലപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ് പുറത്തായത്. ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എന്‍.യുവിലെ ‘ദേശ വിരുദ്ധരെ’ ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.അക്രമം ആസൂത്രിതമാണെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചിരുന്നു.

അക്രമത്തില്‍ മാരകമായി പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം പത്തൊമ്പതോളം വിദ്യാര്‍ഥികളും ഒരു അധ്യാപികയും ചികിത്സയിലാണ്. ഇതില്‍ തലയ്ക്ക് പരിക്കേറ്റ ചില വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ കൂടിയായ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനും എസ് ജയശങ്കറും അക്രമത്തെ അപലപിച്ചു.

Top