ജെഎന്‍യു പ്രതിനിധികളുമായി ചര്‍ച്ച നടത്തണം; ലെഫ്.ഗവര്‍ണര്‍ക്ക് ഷായുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുഖംമൂടി ആക്രമണത്തില്‍ ജെഎന്‍യു പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ലെഫ്.ഗവര്‍ണര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. ഗവര്‍ണറുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു. വിഷയം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് അമിത് ഷാ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ക്യാമ്പസിനുള്ളില്‍ വച്ച് അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പുറത്ത് നിന്നെത്തിയ സംഘം തല്ലിച്ചതച്ച സംഭവത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ ലഫ് ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നു പരാതികള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു മുഖം മറച്ച് ആയുധങ്ങളുമായി എത്തിയവര്‍ ജെ.എന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മര്‍ദിച്ചത്. എബിവിപി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മുഖം മറച്ച് ആയുധങ്ങളുമായി നില്‍ക്കുന്ന അക്രമി സംഘത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സബര്‍മതി, മഹി മാന്ദ്വി, പെരിയാര്‍ തുടങ്ങിയ ഹോസ്റ്റലുകളിലുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.മുഖംമറച്ചെത്തിയ സംഘം വടികളും ഹാമറുമടക്കം ഉപയോഗിച്ച് ഹോസ്റ്റലുകളിലേക്ക് കയറി വന്ന് മര്‍ദിക്കുകയായിരുന്നു.

അതിനിടെ ജെ.എന്‍.യുവിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ് പുറത്തായത്. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എന്‍.യുവിലെ ‘ദേശ വിരുദ്ധരെ’ ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.അക്രമം ആസൂത്രിതമാണെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചിരുന്നു.

അതേസമയം, ക്യാംപസില്‍ കടന്നു കയറിയ അക്രമിസംഘം അധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ത്ഥികളേയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെ എബിവിപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രതിഷേധ പ്രകടനത്തിനായി ഇന്ന് മൂന്ന് മണിക്ക് ക്യാമ്പസില്‍ സംഘടിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് എബിവിപി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top