ദേശീയ ലോക്ക്ഡൗണില്ല, സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യവസായ സംഘടനകളെയും അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നത്. ഛത്തീസ്ഗഡില്‍ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 13 ശതമാനമാണ്. സിറോ സര്‍വേയിലെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിമര്‍ശനം.

ഓരോ സംസ്ഥാനത്തും ഓക്‌സിജന്‍ ആവശ്യത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങി. മധ്യപ്രദേശില്‍ ആറ് പേര്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു ആശുപത്രിയില്‍ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. കരിഞ്ചന്തകളില്‍ ഓക്‌സിജന്‍ സിലണ്ടറുകളുടെ വില്‍പന തടയാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാരുകള്‍.

കൊവിഡ് ചികിത്സാ മരുന്നുകളുടെ ക്ഷാമം ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജീവന്‍രക്ഷാ മരുന്നായ റെംദിവിറിന്റെ 90000 ഡോസ് ചത്തീസ്ഗഢിന് കേന്ദ്രം നല്‍കും. പുതിയ 20 പ്ലാന്റുകള്‍ വഴി പ്രതിദിനം ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ കുപ്പി മരുന്ന് ഉല്‍പ്പാദിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Top