‘മമത’ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നുവെന്ന് ഷാ; കുറിക്കുകൊള്ളുന്ന മറുപടിയുമായി തൃണമൂല്‍

ആസന്നമായ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കംകുറിച്ചു. കൊല്‍ക്കത്തയിലെ ഷഹീദ് മിനാര്‍ ഗ്രൗണ്ടില്‍ പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഷാ അവകാശപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം അനുസരിച്ച് രാജ്യത്തെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം അനുവദിക്കുന്നത് വരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നും അവസാനിപ്പിക്കില്ലെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ‘നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി മമതാ ദീദി എന്തിനാണ് കരയുന്നത്. സിഎഎയുടെ ഗുണം ലഭിക്കുന്ന ഹിന്ദു അഭയാര്‍ത്ഥികള്‍ക്കായി ഇവര്‍ വാദിക്കാത്തത് എന്താണ്’, ഷാ ചോദിച്ചു.

അയോധ്യയില്‍ മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന രാമക്ഷേത്രം രണ്ട് വര്‍ഷത്തിനുള്ളില്‍ ഉയരുമെന്ന പ്രഖ്യാപനം ജനക്കൂട്ടം ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. ‘അനീതി ഇനി വേണ്ട’ എന്ന സന്ദേശമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുക. അധികാരത്തില്‍ എത്തിയപ്പോള്‍ താന്‍ സ്വീകരിച്ച നിലപാട് മമത ബാനര്‍ജി മറന്നതായും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.

‘മോദി ജി സിഎഎ പാസാക്കിയപ്പോള്‍, മമതാ ദീദി ബംഗാളില്‍ കലാപം ഉറപ്പാക്കി’, ഷാ ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രിയുടെ ആരോപണങ്ങള്‍ ഒട്ടും സന്തോഷത്തോടെയല്ല സ്വീകരിച്ചത്. ‘ബംഗാളില്‍ വന്ന് പ്രസംഗിക്കുന്നതിന് പകരം താങ്കളുടെ മൂക്കിന് കീഴെ ഡല്‍ഹിയില്‍ കലാപങ്ങളില്‍ അന്‍പതോളം ജീവന്‍ പോയത് എങ്ങിനെയെന്ന് വിശദമാക്കണം, ഇതില്‍ മാപ്പ് പറയണം’, മമതയുടെ മരുമകന്‍ കൂടിയായ ടിഎംസി എംപി അഭിഷേക് ബാനര്‍ജി പ്രതികരിച്ചു.

തൃണമൂലും, സിപിഎമ്മും സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്കിടെയാണ് അമിത് ഷാ പശ്ചിമ ബംഗാളില്‍ എത്തിയത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ നിലപാട് സ്വീകരിച്ചാണ് ബംഗാളില്‍ സിപിഎം ഭരണം തകര്‍ത്ത് മമത അധികാരം പിടിച്ചത്. ഈ ഘട്ടത്തില്‍ സിഎഎയ്ക്ക് എതിരെ പ്രതിഷേധിക്കുന്ന മമതയുടെ പാര്‍ട്ടിക്ക് ബിജെപി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് എളുപ്പമാകില്ല.

Top