കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ മമത അനുവദിക്കുന്നില്ലെന്ന് അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ജനങ്ങള്‍ക്ക് മമത സര്‍ക്കാരിനോട് കടുത്ത അമര്‍ഷമാണ്. രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ആദിവാസി മേഖലയായ ബന്‍കുറയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മമത സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

എണ്‍പതിലധികം കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ബംഗാളിലെ പാവപ്പെട്ട ജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബംഗാളിലെ ജനങ്ങളുടെ കണ്ണുകളില്‍ ഒരു മാറ്റത്തിനായുള്ള പ്രതീക്ഷ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ മാത്രമേ ഈ മാറ്റം സാധ്യമാവുകയുള്ളുവെന്നും അമിത് ഷാ വ്യക്തമാക്കി.

ആദിവാസി മേഖലകളിലുള്ളവര്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി അനുവദിച്ച പണം അവരിലേക്ക് എത്തുന്നില്ല. കര്‍ഷകര്‍ക്കുള്ള 6,000 രൂപയുടെ കേന്ദ്രസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെടുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ബംഗാളില്‍ അടുത്ത തവണ ഭരണം പിടിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

Top